മലയാളിയുടെ ഒരു കാലഘട്ടത്തിന്റെ ചിരി മാമുക്കോയയിലൂടെ മാഞ്ഞു; മുഖ്യമന്ത്രി

Update: 2023-04-26 11:40 GMT

മാമുക്കോയയുടെ വേര്‍പാട് കേരള സാംസ്‌കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലയാള സിനിമയുടെ മാത്രമല്ല മലയാളിയുടെതന്നെ ഒരു കാലഘട്ടത്തിന്റെ ചിരിയാണ് മാമുക്കോയയുടെ വിയോഗത്തിലൂടെ മായുന്നതെന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

'നാടക രംഗത്തു കൂടി ചലച്ചിത്ര രംഗത്തെത്തി ആസ്വാദക ഹൃദയങ്ങളില്‍ മായാത്ത സ്ഥാനം ഉറപ്പിച്ച അദ്ദേഹത്തിന്റെ വേര്‍പാട് കേരള സാംസ്‌കാരിക രംഗത്തിന് നികത്താനാകാത്ത നഷ്ടമാണ്. മലയാള സിനിമയുടെ മാത്രമല്ല മലയാളിയുടെതന്നെ ഒരു കാലഘട്ടത്തിന്റെ ചിരിയാണ് മാമുക്കോയയുടെ വിയോഗത്തിലൂടെ മായുന്നത്. കേരളീയ ജീവിതത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന അനേകം കഥാപാത്രങ്ങളെ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്.

കെ.ടി. മുഹമ്മദിന്റെ അടക്കമുള്ള പ്രസിദ്ധ നാടകങ്ങളിലൂടെതന്നെ ജനമനസ്സുകളില്‍ പതിഞ്ഞ കലാകാരനായിരുന്നു. റാംജിറാവു സ്പീക്കിംഗ്, നാടോടിക്കാറ്റ്, തലയണ മന്ത്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി. നാലര പതിറ്റാണ്ട് നീണ്ടു നിന്ന ചലച്ചിത്ര ജീവിതത്തിലൂടെയും അതിനു മുമ്പത്തെ നാടക പ്രവര്‍ത്തനത്തിലൂടെയും മാമുക്കോയ അഭിനയ കലാരംഗത്തെ വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ വിലപ്പെട്ട പാഠപുസ്തമായി മാറി. ചലച്ചിത്ര പ്രേമികളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു'- ഫേസ്ബുക്കി‍ല്‍ കുറിച്ചു.

Tags:    

Similar News