പാർലമെന്റ് അതിക്രമ കേസ്; മുഖ്യപ്രതി ലളിത് ഝായെ സഹായിച്ച രണ്ടു പേർ കസ്റ്റഡിയിൽ

Update: 2023-12-15 07:56 GMT

പാർലമെന്‍റ് അതി​ക്രമ കേസിൽ മുഖ്യപ്രതിയായ ലളിത് ഝായെ സഹായിച്ച രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയ നാല് പ്രതികളുടെയും മൊബൈൽഫോൺ രാജസ്ഥാനിൽ വച്ച് നശിപ്പിച്ചതായി ലളിത് ഝാ പൊലീസിന് മൊഴി നൽകി .കേസിൽ തെളിവെടുപ്പിന്‍റെ ഭാഗമായി കളർ സ്മോക്ക് ഉപയോഗിച്ചുള്ള ആക്രമണം പുനഃസൃഷ്ടിക്കും.

രാജസ്ഥാൻ സ്വദേശികളായ മഹേഷ്, കൈലാശ് എന്നിവരെയാണ് ഡൽഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.ഇവർ ലളിത് ഝായുടെ കൂട്ടാളികളാണെന്നും ഡൽഹി പൊലീസ് സ്പെഷ്യല്‍ സെല്‍ അറിയിച്ചു. മഹേഷ് പുകയാക്രമണത്തിന്‍റെ ഭാഗമാകാൻ ആഗ്രഹിച്ചിരുന്നു. പക്ഷെ വീട്ടുകാർ എതിർത്തത് കൊണ്ട് മാത്രം നീക്കത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.ജസ്റ്റിസ് ഫോർ ആസാദ് ഭഗത് സിങ്' -എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലെ ആശയങ്ങളിൽ പ്രതികൾ ആകൃഷ്ടരായി എന്നാണ് സൂചന. കേസിൽ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന ലളിത് ഝാ സംഭവത്തിന് പിന്നാലെ രാജസ്ഥാനിലേക്ക് കടന്നു കളഞ്ഞിരുന്നു.

ഇവിടെ വച്ച് നാലു പ്രതികളുടെയും മൊബൈൽ ഫോണുകൾ കത്തിച്ചു കളഞ്ഞതായി ലളിത് ഝാ പൊലീസിന് മൊഴി നൽകി.അതേസമയം പ്രതികളുടെ തെളിവെടുപ്പിന്‍റെ ഭാഗമായി പുകയാക്രമണം പുനഃസൃഷ്ടിക്കാനാണ് ഡൽഹി പൊലീസിന്റെ തീരുമാനം ഇവർ എങ്ങനെ പാർലമെന്റിനുള്ളിലേക്ക് പുകകുറ്റികളുമായി കടന്നെന്ന് കണ്ടെത്തുവാനാണ് പൊലീസ് നീക്കം. ഇതിനു പുറമെ ഗുരുഗ്രാമിലെ വിശാൽ ശർമയുടെ വീട്ടിലും പൊലീസ് തെളിവെടുപ്പിന് എത്തും . വിശാൽ ശർമ്മയ്ക്കും ഭാര്യയ്ക്കും ഗൂഢാലോചനയിൽ പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.പ്രതികൾ കഴിഞ്ഞ 15 ദിവസത്തിനിടെ വിളിച്ച 50 ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News