ബജറ്റ് സമ്മേളനത്തിന് തുടക്കം; നാരീശക്തിയുടെ ഉത്സവമെന്ന് പ്രധാനമന്ത്രി, പുതിയ ഭാരതത്തിന്റെ ഉദയമെന്ന് രാഷ്ട്രപതി

Update: 2024-01-31 06:42 GMT

17 -ാം ലോക്‌സഭയുടെ അവസാന ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്. പുതിയ രാജ്യത്തിന്റെ നിര്‍മാണത്തിന്റെ പ്രതീകമാണ് പുതിയ മന്ദിരമെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. ശക്തമായ ഇന്ത്യക്ക് നിയമനിര്‍മ്മാണം ഉണ്ടാവും. രണ്ട് ലക്ഷത്തില്‍ അധികം അമൃത് വാടിക നിര്‍മിച്ചു. രണ്ട് കോടിയിലേറെ മരങ്ങള്‍ നട്ടു. കഴിഞ്ഞ വര്‍ഷങ്ങള്‍ രാജ്യം മികച്ച നേട്ടങ്ങള്‍ കൈവരിച്ചു. ലോകം പ്രതിസന്ധി നേരിട്ടപ്പോഴും രാജ്യം വളര്‍ച്ച കൈവരിച്ച് സാമ്പത്തിക ശക്തിയായി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ദേശീയ പതാക നാട്ടിയ ആദ്യ രാജ്യമായി ഇന്ത്യമാറി. ജി20 വിജയകരമായി പൂര്‍ത്തിയാക്കിയതും കായിക മേഖലയിലെ വിജയങ്ങളും ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തി എന്നും രാഷ്ട്രപതി പ്രശംസിച്ചു.

10 ദിവസം നീണ്ട് നിൽക്കുന്ന ബജറ്റ് സമ്മേളനം അടുത്ത മാസം 9 ന് അവസാനിക്കും. നാളെയാണ് രണ്ടാം മോദി സർക്കാരിന്റെ അവസാന കേന്ദ്ര ബജറ്റ്. തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ട് ജനപ്രീയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷ. സാമ്പത്തിക സർവേ ഇല്ലാതെയാണ് ഇത്തവണ കേന്ദ്ര ബജറ്റ്. സാമ്പത്തിക സർവേയ്ക്ക് പകരം ധനമന്ത്രാലയം പത്ത് വർഷത്തെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള അവലോകന റിപ്പോർട്ട് പുറത്തിറക്കി. അടുത്ത വർഷം ഏഴ് ശതമാനത്തിലധികം വളർച്ചാ നിരക്ക് നേടുമെന്നും 2030 ൽ ഏഴ് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്നുമാണ് റിപ്പോർട്ട് പറയുന്നത്.ഈ ബജറ്റ് സമ്മേളനം നാരി ശക്തിയുടെ ഉത്സവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രാജ്യത്ത് വനിതാ സംവരണ ബില്‍ അവതരിപ്പിച്ചത് ചരിത്ര നീക്കമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ രാമനാമം ചൊല്ലിയാണ് മോദി അഭിവാദ്യം ചെയ്തത്. രാഷ്ടപത്രിയുടെ അഭിസംബോധനയും ധനമന്ത്രിയുടെ ബജറ്റും സ്ത്രീശാക്ത്രീകരണത്തിന്റെ പ്രഖ്യാപനം കൂടിയാണ്. തെറ്റ് തിരുത്താനുള്ള അവസരമാണ് ബജറ്റ് സമ്മേളനം. പ്രതിപക്ഷം സഹകരിക്കണം. ക്രിയാത്മക നിര്‍ദേശങ്ങള്‍ക്കായി ഉയരുന്നതായിരിക്കണം പ്രതിപക്ഷ ശബ്ദം. അസാമാന്യപെരുമാറ്റം അംഗീകരിക്കാന്‍ ആവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പൂര്‍ണ്ണബജറ്റ് അവതരിപ്പിക്കാമെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് ഇടക്കാല ബജറ്റ് അവതരിപ്പിക്കുക. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ താന്‍ ആദ്യമായി അഭിസംബോധന ചെയ്യുന്നു. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയം പാര്‍ലമെന്റ് മന്ദിരത്തിന് ഉണ്ട്.  ക്രിമിനല്‍ നിയമങ്ങള്‍ പൊളിച്ചെഴുതി ശിക്ഷയെക്കാള്‍ നീതിക്ക് പ്രാധാന്യം നല്‍കി. മുത്തലാഖ് നിരോധിക്കാനും പാര്‍ലമെന്റിനായി. രാമക്ഷേത്ര നിര്‍മ്മാണം ജനങ്ങളുടെ അഭിലാഷമാണ്. കഴിഞ്ഞ 10 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ പതിറ്റാണ്ടുകളായി ഉള്ള അഭിലാഷം എന്നും രാഷ്ട്രപതി പറഞ്ഞു. ഇതിനോട് ജയ്ശ്രീറാം വിളിച്ചായിരുന്നു ഭരണപക്ഷ എംപിമാര്‍ പ്രതികരിച്ചത്.

നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുര്‍മു

രണ്ടാം മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ പാര്‍ലമെന്‍റില്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതും വനിത സംവരണ ബില്‍ പാസാക്കിയതും സര്‍ക്കാരിന്‍റെ നേട്ടമാണെന്നും രാഷ്ട്രപതി എടുത്ത് പറഞ്ഞു. മുത്തലാഖ് നിരോധിക്കാനും പാര്‍ലമെന്‍റിനായി. ജമ്മു കാശ്മീര്‍ പുനസംഘടനയും ശ്രദ്ധേയമായ നേട്ടമാണെന്ന് രാഷ്ട്രപതി പറഞ്ഞു.

ഇന്ത്യയുടെ കീർത്തി ലോക രാഷ്ട്രങ്ങൾക്കിടയിൽ ഉയർന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രധാന ബില്ലുകൾ അവതരിപ്പിക്കാനായി എന്നും രാജ്യത്ത് ദാരിദ്ര്യ നിർമ്മാർജ്ജനം യാഥാർത്ഥ്യമായെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. ഡിഫൻസ് കോറിഡോർ, സ്റ്റാർട്ടപ്പുകൾ ഇതെല്ലാം നേട്ടങ്ങളാണ്. സ്വകാര്യ മേഖലയെയും പ്രോത്സാഹിപ്പിച്ചു. ഇന്ത്യ വികസന സൗഹൃദ രാജ്യമാണെന് വിദേശ രാജ്യങ്ങൾ തിരിച്ചറിഞ്ഞു. ഡിജിറ്റൽ ഇന്ത്യ ഗ്രാമങ്ങളിൽ പോലും തിളങ്ങുകയാണ്. യുപിഐ ഇടപാടുകൾ റെക്കോർഡ്‌ സൃഷ്ടിച്ചിരിക്കുന്നു. ബാങ്കിംഗ് മേഖലയ്ക്ക് വലിയ ഉണർവ് നൽകിയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനവും റെക്കോർഡിട്ടു. ദേശീയപാതകളുടേതടക്കം വികസനം റെക്കോർഡ് വേഗത്തിലാണ്. റോഡ് മാർഗമുള്ള ചരക്ക് നീക്കം ഗണ്യമായി കൂടി. ഗ്യാസ് പൈപ്പ് ലൈൻ, ഒപ്റ്റിക്കൽ ഫൈബർ ഇതെല്ലാം വികസന നേട്ടങ്ങളാണെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.

വന്ദേഭാരത് ട്രെയിനുകൾ റയിൽവേ വികസനത്തിൻ്റെ പുതിയ ഉദാഹരണമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. 39 ഭാരത് ട്രെയിനുകൾ വിവിധ റൂട്ടുകളിൽ ഓടുന്നുണ്ട്. 1300 റയിൽവേ സ്റ്റേഷനുകൾ നവീകരിച്ചു. നികുതിഭാരം ഒഴിവാക്കാനും സർക്കാർ മികച്ച ഇടപെടലുകൾ നടത്തി. രണ്ടര ലക്ഷം കോടി ഗ്യാസ് കണക്ഷൻ പാവപ്പെട്ടവർക്ക് നൽകി. സൗജന്യ ഡയാലിസിസ് പദ്ധതി നിരവധി പേർക്ക് ആശ്വാസമായി. പാവപ്പെട്ടവർക്ക് പോലും വിമാന സർവീസുകൾ പ്രാപ്യമാക്കി. സ്ത്രീകളെ സാമ്പത്തികമായും ശാക്തീകരിച്ചു. സ്വയം സഹായ സംഘങ്ങൾക്ക് സാമ്പത്തിക സഹായം നൽകി. പത്ത് കോടി സ്ത്രീകൾ സ്വയം സഹായ സംഘങ്ങളിലൂടെ ശാക്തീകരിക്കപ്പെട്ടു. പി എം കിസാർ സമ്മാൻ പദ്ധതിയിലൂടെ രണ്ട് ലക്ഷം കോടിയിലേറെ രൂപ അനുവദിച്ചുവെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.  

Tags:    

Similar News