സർക്കാരുകൾ പരാജയമെന്ന് മണിപ്പൂർ സന്ദർശിച്ച പ്രതിപക്ഷ എംപിമാർ

Update: 2023-07-30 02:30 GMT

സമാനതകളില്ലാത്ത ദുരിതജീവിതത്തിലാണ് ജനങ്ങളെന്നും കേന്ദ്ര– സംസ്ഥാന സർക്കാരുകൾ പൂർണ പരാജയമായി മാറിയെന്നും മണിപ്പുർ സന്ദർശിച്ച പ്രതിപക്ഷ എംപിമാർ പറഞ്ഞു. ക്യാംപുകളിൽ കണ്ട കാഴ്ചകൾ വേദനിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രിയുടെ മൗനം അമ്പരപ്പിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

'ഇന്ത്യ' മുന്നണിയുടെ ഭാഗമായി 16 പ്രതിപക്ഷ പാർട്ടികളിലെ 21 എംപിമാരാണ് മണിപ്പുരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചത്. ചുരാചന്ദ്പുരിലെ കുക്കി അഭയാർഥികൾക്കായുള്ള ക്യാംപുകൾ സന്ദർശിച്ച വനിതാ എംപിമാർ കൂട്ടബലാൽസംഗത്തിനിരയായ വനിതകളെ കണ്ടു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് കുക്കി ഗോത്രവിഭാഗക്കാർ ആവശ്യപ്പെട്ടു.

2 സംഘമായി എത്തിയ എംപിമാരിൽ കേരളത്തിൽ നിന്നുള്ള എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എ.എ.റഹീം, ഇ.ടി.മുഹമ്മദ് ബഷീർ, പി. സന്തോഷ് കുമാർ എന്നിവർ അംഗങ്ങളാണ്. 

ഉച്ചയോടെ ഇംഫാലിലെത്തിയ എംപിമാർ പിന്നീട് ഹെലികോപ്റ്ററിൽ ചുരാചന്ദ്പുരിലെത്തി. ക്യാംപുകൾ സന്ദർശിച്ച ഇവർ പിന്നീട് മൊയ് രാങ് ഗവ.കോളജിൽ മെയ്തെയ് വിഭാഗക്കാർക്കായി നടത്തുന്ന ക്യാംപിലെത്തി. എംപിമാരുടെ രണ്ടാമത്തെ സംഘം ചുരാചന്ദ്പുർ സന്ദർശിച്ച ശേഷം ഇംഫാൽ നഗരത്തിലെ വിവിധ മെയ്തെയ് ക്യാംപുകൾ സന്ദർശിച്ചു. ഇന്ന് രാവിലെ ഗവർണറെ കണ്ട് എംപിമാർ നിവേദനം നൽകും. 

Similar News