സാങ്കേതിക വിദ്യാ രംഗത്ത് പുതിയ പദ്ധതികള്‍ക്ക് പിന്തുണ നല്‍കി കേന്ദ്ര ബജറ്റ്. രാജ്യത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളുടെ വികാസത്തിനായി 'മേക്ക് എഐ ഫോര്‍ ഇന്ത്യ', മേക്ക് എഐ വർക്ക് ഫോർ ഇന്ത്യ' എന്നീ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി മൂന്ന് കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
ഇതിന് പുറമെ രാജ്യത്തെ 5ജി സാങ്കേതിക വിദ്യാ വികാസത്തിന് വേണ്ടി വിവിധ എഞ്ചിനീയറിങ് കോളേജുകളിലായി നൂറ് 5ജി ലാബുകള്‍ക്ക് തുടക്കമിടും. 5ജി സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയുള്ള വിവിധ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിന് വേണ്ടിയാണിത്. വിദ്യാഭ്യാസം, കാര്‍ഷികരംഗം, ആരോഗ്യരംഗം എന്നീ മേഖലകളില്‍ പ്രയോജനപ്പെടുന്ന 5ജി സാങ്കേതിക വിദ്യകളുടെ വികാസവും ഈ ലാബുകളിലൂടെ സാധ്യമാക്കും.
നിലവില്‍ കേന്ദ്രം ലഭ്യമാക്കിയ ഡിജി ലോക്കര്‍ സേവനം കൂടുതല്‍ മേഖലകളില്‍ പ്രയോജനപ്പെടുത്തും. വിവിധ ആവശ്യങ്ങള്‍ക്കായി ഡിജി ലോക്കറില്‍ സൂക്ഷിക്കുന്ന ഔദ്യോഗിക രേഖകള്‍ സുരക്ഷിതമായി അതാത് സ്ഥാപനങ്ങള്‍ക്ക് കൈമാറുന്നതിനുള്‍പ്പടെയുള്ള സൗകര്യം ഒരുക്കുമെന്നും നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.