ഒഡിഷ ട്രെയിൻ ദുരന്തം: മരിച്ച 29 പേരെ കൂടി തിരിച്ചറിഞ്ഞു, തിരിച്ചറിയാത്ത 15 മൃതദേഹങ്ങൾക്ക് ഒന്നിലേറെ അവകാശികൾ
ഒഡീഷ്യയിലെ ബാലസോറിൽ ട്രെയിന് അപകടത്തിൽ മരിച്ച 29 പേരെ കൂടി തിരിച്ചറിഞ്ഞു. 15 മൃതദേഹങ്ങൾക്ക് ഒന്നിൽ കൂടുതൽ അവകാശികൾ എത്തിയതോടെ ഡി എൻ എ പരിശോധനയുടെ അടിസ്ഥാനത്തിലാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.
ഭുവനേശ്വർ എയിംസിൽ സൂക്ഷിച്ചിരിക്കുന്ന 81 മൃതദേഹങ്ങളുടെ ഡി എൻ എ ടെസ്റ്റാണ് നടത്തിയത്. ഇതിൽ ആറു കുടുംബങ്ങൾ മൃതദേഹങ്ങൾ ഏറ്റുവാങ്ങിയതായി റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. തിരിച്ചറിഞ്ഞ എല്ലാ മൃതദേഹങ്ങളും അവരവരുടെ നാട്ടിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തതായി അധികൃതർ വ്യക്തമാക്കി. മൃതദേഹങ്ങൾ ഏറ്റുവാങ്ങിയവർക്ക് ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപ ധനസഹായവും നൽകി.
ജൂണ്‍ രണ്ടിനായിരുന്നു ബാഹനഗ ബസാര്‍ റെയില്‍വേ സ്റ്റേഷന് സമീപം മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 292 പേരുടെ മരണത്തിനിടയാക്കിയ നടുക്കുന്ന ദുരന്തം. കോറമാണ്ഡല്‍ -ചെന്നൈ എക്സ്പ്രസ് ഗുഡ്സ് ട്രെയിനില്‍ ഇടിക്കുകയും പാളം തെറ്റിയ കോച്ചുകളിലേക്ക് യശ്വന്ത്പൂര്‍ -ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് കൂട്ടിയിടിക്കുകയുമായിരുന്നു. അപകടത്തില്‍ 1100 പേര്‍ക്ക് പരിക്കേറ്റിരുന്നു. അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) 52 മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്.