നോയിഡയിലെ ഇരട്ടക്കെട്ടിടം നിലംപൊത്തി; ഇന്ത്യയിൽ പൊളിച്ചു നീക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടം

Update: 2022-08-28 10:02 GMT

നോയിഡയിൽ സൂപ്പർടെക്കിൻറെ ഇരട്ട ഫ്‌ലാറ്റ് സമുച്ചയം നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകർത്തു. ഒൻപതു വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ടവർ സ്ഫോടനത്തിലൂടെ തകർത്തത്. കുത്തബ് മിനാറിനേക്കാൾ ഉയരമുള്ള നോയിഡയിലെ ഇരട്ട ടവർ, ഇന്ത്യയിൽ പൊളിച്ചു നീക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടമാണ്. മരടിലെ ഫ്‌ലാറ്റ് പൊളിക്കലിന് നേതൃത്വം നൽകിയ എഡിഫൈസ് എൻജിനീയറിങ് കമ്പനിയാണ് നോയിഡയിലും പൊളിക്കലിനും നേതൃത്വം നൽകിയത്. 3,700 കിലോ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ പൊളിച്ചത്.

സമീപത്തെ ഫ്‌ലാറ്റുകളിൽനിന്ന് നാലായിരത്തിലേറെ പേരെ ഒഴിപ്പിച്ചു. അവശിഷ്ടങ്ങൾ ഇവിടെനിന്ന് മൂന്നുമാസമെടുത്ത് മാറ്റും. പൊടിപടലങ്ങൾ ഒഴിവാക്കാൻ വാട്ടർ ടാങ്കറുകൾ ഉൾപ്പെടെ തയാറാക്കിയിരുന്നു.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സുപ്രീം കോടതി ഇരട്ട ടവർ പൊളിച്ചു നീക്കാൻ ഉത്തരവിട്ടത്. കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചെന്നും ടവറുകൾ തമ്മിൽ ചുരുങ്ങിയ അകലം പാലിക്കാതെ നിർമിച്ചെന്നുമുള്ള നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. എമറാൾഡ് കോർട്ട് റെസിഡന്റ് വെൽഫയർ അസോസിയേഷൻ 2012ൽ അലഹബാദ് ഹൈക്കോടതിയിൽ ആദ്യം ഹർജി നൽകി. ആ ഹർജിയിൽ പൊളിക്കാൻ ഉത്തരവായി. സൂപ്പർ ടെക് കമ്പനി സുപ്രീകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി വിധി ശരിവച്ചു. ഫ്‌ലാറ്റ് വാങ്ങിയവർക്ക് വാങ്ങിയ തുകയും 12 ശതമാനം പലിശയും കമ്പനി നൽകണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

Tags:    

Similar News