റഷ്യയില്‍നിന്ന് എണ്ണ വാങ്ങരുതെന്ന് ഒരു രാജ്യവും പറഞ്ഞിട്ടില്ല; മന്ത്രി ഹര്‍ദീപ് സിങ്
ഇന്ത്യ റഷ്യയില്‍നിന്ന് എണ്ണ വാങ്ങരുതെന്ന് ഒരു രാജ്യവും പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിനു ശേഷവും ഇന്ത്യ റഷ്യയില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് ക്രൂഡ് ഓയില്‍ വാങ്ങുന്നതിനെതിരെ യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ വിശദീകരണം.
ഇന്ത്യ എവിടെനിന്ന് വേണമെങ്കിലും എണ്ണ വാങ്ങുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. 'ഇത്തരം ചര്‍ച്ചകളൊന്നും രാജ്യത്തെ ഉപയോക്താക്കള്‍ക്കു മുന്നിലേക്കു കൊണ്ടുപോകാന്‍ കഴിയില്ല. ആവശ്യത്തിന് ഇന്ധനം ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുക എന്നത് സര്‍ക്കാരിന്റെ ധാര്‍മികമായ ഉത്തരവാദിത്തമാണ്' മന്ത്രി വ്യക്തമാക്കി. ഏപ്രില്‍ മുതല്‍ റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ 50 മടങ്ങ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. യുക്രെയ്ന്‍ യുദ്ധത്തിന് മുൻപ് ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ വെറും 0.2 ശതമാനം മാത്രമാണ് റഷ്യയില്‍നിന്ന് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് പത്ത് ശതമാനത്തോളമായി.