'ഇന്ത്യയിൽ ഇപ്പോൾ രണ്ടു മണിപ്പുർ, മുഖ്യമന്ത്രിയെ മാറ്റാൻ തയാറാകാത്തത് എന്തുകൊണ്ട്?'; കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു

Update: 2023-08-08 07:48 GMT

കേന്ദ്രത്തിനെതിരെ പ്രതിപക്ഷ 'ഇന്ത്യ' മുന്നണി നൽകിയ അവിശ്വാസപ്രമേയം ലോക്‌സഭയിൽ അവതരിപ്പിച്ചു. കോൺഗ്രസ് സഭാകക്ഷി ഉപനേതാവും അസമിൽനിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. ഒരൊറ്റ ഇന്ത്യയിൽ ഇപ്പോൾ രണ്ടു മണിപ്പുരാണുള്ളതെന്ന് തരുൺ ഗൊഗോയ് ചൂണ്ടിക്കാട്ടി. രണ്ടു വിഭാഗങ്ങൾ ഇത്തരത്തിൽ ഏറ്റുമുട്ടുന്നതു മുൻപ് ഇന്ത്യയിൽ ഉണ്ടായിട്ടില്ല. മണിപ്പുരിൽ ലഹരിമാഫിയയ്ക്കു പിന്തുണ നൽകുന്നതു മുഖ്യമന്ത്രിയുടെ ഓഫിസ് ആണെന്നും ഗൗരവ് കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി സഭയിൽവന്നു സംസാരിക്കാനുള്ള മാർഗമെന്ന നിലയിലാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുന്നതെന്നു കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി വ്യക്തമാക്കിയിരുന്നു.

മണിപ്പുരിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചത് വെറും 30 സെക്കൻഡ് മാത്രമാണെന്ന് തരുൺ ഗൊഗോയ് ചൂണ്ടിക്കാട്ടി. മണിപ്പുരിലെ സാഹചര്യം പരിഗണിക്കുമ്പോൾ ഇരട്ട എൻജിൻ സർക്കാർ പരാജയമാണെന്ന് സമ്മതിക്കേണ്ടി വരും. ലഹരി മാഫിയയ്ക്കായി മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടുവെന്ന ഗുരുതരമായ ആരോപണവും അദ്ദേഹം ഉയർത്തി. മന്ത്രിമാർക്കും ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നും ഗൊഗോയ് പറഞ്ഞു.

''മണിപ്പുരിൽ സുരക്ഷാ സേനകൾ പരാജയപ്പെട്ടു. ആയുധങ്ങൾ വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. രണ്ടു വിഭാഗങ്ങൾ ഇത്തരത്തിൽ പോരടിക്കുന്നത് ഇതിനു മുൻപ് ഇന്ത്യ കണ്ടിട്ടില്ല. എന്നിട്ടും പോരടിക്കുന്ന ഇരു വിഭാഗങ്ങളെയും ഒന്നിച്ചിരുത്തി ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രി തയാറായില്ല. അവിടെ സ്വാതന്ത്ര്യസമര സേനാനിയുടെ കുടുംബം ഉൾപ്പെടെ കലാപത്തിന് ഇരയായി. എന്നിട്ടും എല്ലാം സാധാരണ നിലയിലാണെന്ന് സർക്കാർ പറയുന്നു' - തരുൺ ഗൊഗോയ് ചൂണ്ടിക്കാട്ടി.

അവിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം മൂന്നു ചോദ്യങ്ങളും ഉയർത്തി. 1. പ്രധാനമന്ത്രി എന്തുകൊണ്ട് മണിപ്പുരിൽ പോയില്ല? 2. മുഖ്യമന്ത്രിയെ മാറ്റാൻ പ്രധാനമന്ത്രി തയാറാകാത്തത് എന്തുകൊണ്ട്? 3. പ്രധാനമന്ത്രി എന്തുകൊണ്ട് മൗനം തുടരുന്നു എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

Tags:    

Similar News