പലിശ നിരക്കിൽ മാറ്റമില്ല ; റിപോ നിരക്ക് 6.5 ശതമാനം ആയി തുടരും

Update: 2024-04-05 06:49 GMT

തുടർച്ചയായ ഏഴാം തവണയും പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റിപോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

റീ പർച്ചേസ് അഗ്രിമെന്‍റ് എന്നതിന്‍റെ ചുരുക്കപ്പേരാണ് റിപോ നിരക്ക്. ആർബിഐ രാജ്യത്തെ ബാങ്കുകൾക്ക് കടമായി കൊടുക്കുന്നതിന്‍റെ പലിശയാണിത്. റിപോ നിരക്ക് വർധിച്ചാൽ ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന വായ‍്പകളുടെ നിരക്കും വർധിക്കും. രാജ്യത്ത് ഉയർന്ന ജിഡിപി വളർച്ചയാണെന്നും 2023-24ൽ ആഭ്യന്തര ജിഡിപി വളർച്ചയിൽ രാജ്യം 7.6% കൈവരിച്ചുവെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

സാമ്പത്തിക ഏകീകരണത്തിലൂടെ രാജ്യം നേട്ടം കൈവരിക്കുന്നു. തുടർച്ചയായ മൂന്നാം വർഷവും 7% മുകളിൽ ജിഡിപി എത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആറംഗ മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി)മൂന്നു ദിവസത്തെ യോഗത്തിന്‍റെ അവസാന ദിവസമാണ് ആര്‍ബിഐ ഗവര്‍ണറുടെ പ്രഖ്യാപനം. പാനൽ അധ്യക്ഷനായ ഗവർണർ ദാസിനെ കൂടാതെ അഷിമ ഗോയൽ, ജയന്ത് ആർ വർമ്മ, ശശാങ്ക ഭിഡെ, രാജീവ് രഞ്ജൻ, മൈക്കൽ ദേബബ്രത പത്ര എന്നിവരാണ് മറ്റ് എംപിസി അംഗങ്ങൾ.

Tags:    

Similar News