ശിരോമണി അകാലിദളുമായി സഖ്യമില്ല; പഞ്ചാബിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും

Update: 2024-03-26 08:17 GMT

ശിരോമണി അകാലിദളുമായുള്ള സഖ്യ ചർച്ച പരാജയപ്പെട്ടതോടെ പഞ്ചാബിൽ ബിജെപി ഒറ്റയ്ക്ക് മത്സരിക്കും. സംസ്ഥാന ബിജെപി അധ്യക്ഷൻ സുനിൽ ജാക്കറാണ് ഇക്കാര്യമറിയിച്ചത്. പ്രവർത്തകരുടെ അഭിപ്രായം മാനിച്ചാണ് തീരുമാനമെന്ന് ജാക്കർ എക്‌സിൽ കുറിച്ചു. സംസ്ഥാനത്തെ 13 സീറ്റുകളിലേക്ക് ജൂൺ ഒന്നിനാണ് തെരഞ്ഞെടുപ്പ്.

കേന്ദ്രസർക്കാറിനെതിരെ കർഷക രോഷം നിലനിൽക്കുന്ന പഞ്ചാബിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള ബിജെപി തീരുമാനം വെല്ലുവിളി നിറഞ്ഞതാണ്. വിളകർക്ക് മിനിമം താങ്ങുവില അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കർഷകരുടെ പ്രതിഷേധം.

പതിമൂന്നിൽ അഞ്ചു സീറ്റുകളാണ് ബിജെപി ആവശ്യപ്പെട്ടത്. എന്നാൽ ഇതംഗീകരിക്കാൻ അകാലിദൾ തയ്യാറായില്ല. നാലു സീറ്റാണ് നേതൃത്വം വാഗ്ദാനം ചെയ്തത്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ മോശം പ്രകടനവും അകാളിദൾ ചൂണ്ടിക്കാട്ടി.

എൻഡിഎയിലെ ഏറ്റവും പഴയ സഖ്യകക്ഷിയാണ് ശിരോമണി അകാലിദൾ. വടക്കേ ഇന്ത്യയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ച കർഷക നിയമങ്ങളിൽ (പിന്നീട് പിൻവലിച്ചു) പ്രതിഷേധിച്ച് 2020 സെപ്തംബറിലാണ് അകാലിദൾ എൻഡിഎ വിട്ടത്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും സഖ്യമായാണ് മത്സരിച്ചത്. എന്നാൽ ഫലം മികച്ചതായിരുന്നില്ല. എട്ടു സീറ്റിൽ കോൺഗ്രസാണ് വിജയിച്ചത്. ബിജെപി, അകാലിദൾ, ആം ആദ്മി പാർട്ടി എന്നിവർ മറ്റു സീറ്റുകളിലും ജയം കണ്ടു.

Tags:    

Similar News