ഭാരത് ജോഡോ ന്യായ് യാത്ര; ഇംഫാലിലെ ഉദ്ഘാടന വേദിക്ക് അനുമതി നിഷേധിച്ച് മണിപ്പൂർ സർക്കാർ

Update: 2024-01-10 10:06 GMT

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഇംഫാലിലെ ഉദ്ഘാടന വേദിക്ക് അനുമതി നിഷേധിച്ച് മണിപ്പൂർ സർക്കാർ. മണിപ്പൂർ മുഖ്യമന്ത്രി ബിരെൻ സിങുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ കേഷാം മേഘചന്ദ്രയാണ് അനുമതി നിഷേധിച്ച വിവരം മാധ്യമപ്രവർത്തകരെ അറിയിച്ചത്.

മണിപ്പൂരിലെ നിലവിലെ സുഖകരമല്ലാത്ത അവസ്ഥയാണ് അനുമതി നിഷേധിക്കാനുള്ള കാരണമായി പറഞ്ഞതെന്നും കേഷാം മേഘചന്ദ്ര അറിയിച്ചു. ജനുവരി രണ്ടിനാണ് അനുമതി തേടി കോൺഗ്രസ് മണിപ്പൂർ സർക്കാരിനെ സമീപിച്ചത്. അപേക്ഷക്ക് യാതൊരു മറുപടിയും ലഭിക്കാതിരുന്നതോടെയാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ടതെന്നും കേഷാം മേഘചന്ദ്ര പറഞ്ഞു.

നീതും കിട്ടും വരെ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഭാരത് ജോഡോ ന്യായ് യാത്ര. ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, ജയറാം രമേശ്, കെ സി വേണുഗോപാൽ എന്നിവർ സന്നിഹിതരായ യോഗത്തിലാണ് യാത്രയുടെ ലോഗോയും മുദ്രാവാക്യവും പ്രഖ്യാപിച്ചത്.

മണിപ്പൂരിലെ സാഹചര്യത്തെക്കുറിച്ചുള്ള ആശങ്കയിൽ നിന്നാണ് ഭാരത് ജോഡോ ന്യായ് യാത്ര രാഹുൽ ഗാന്ധി അവിടെ നിന്നും ആരംഭിക്കാൻ തീരുമാനിച്ചതെന്ന് കോൺഗ്രസ് വക്താവ് മഹിമ സിംഗ് നേരത്തെ പറഞ്ഞിരുന്നു.

Similar News