മാതൃകാപെരുമാറ്റച്ചട്ട ലംഘനം; ഡല്‍ഹി മുഖ്യമന്ത്രി അതിഷിക്കെതിരെ കേസ് എടുത്ത് പൊലീസ്
നിയമസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ മുഖ്യമന്ത്രി അതിഷിക്കെതിരെയും എഎപി പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്ത് ഡല്‍ഹി പൊലീസ്. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ചാണ് അതിഷിക്കെതിരെ കേസ് എടുത്തത്. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതിനാണ് എഎപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗോവിന്ദ്പുരി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിളിനെ തടയുകയും മര്‍ദിക്കുകയും ചെയ്തതിനാണ് എഎപി പ്രവര്‍ത്തകരായ അഷ്മിത്, സാഗർ മേത്ത എന്നിവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
അതേസമയം ബിജെപിയുടെ രമേഷ് ബിധുഡിക്കെതിരെ സംസാരിച്ചതിനാണ് തനിക്കെതിരായ കേസിന് പിന്നിലെന്ന് അതിഷി ആരോപിച്ചു. രമേഷ് ബിധുഡിയാണ് മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതെന്നും അവര്‍ക്കെതിരെ എന്ത് കൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്നു അതിഷി ചോദിച്ചു. കല്‍ക്കാജിയില്‍ അതിഷിക്കെതിരെയാണ് രമേഷ് ബിധുഡി മത്സരിക്കുന്നത്.
എന്നാല്‍ പത്ത് വാഹനങ്ങളും അറുപതോളം അനുയായികളുമായി ഫത്തേ സിംഗ് മാർഗിൽ അതിഷി എത്തിയതാണ് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമായി പൊലീസ് പറയുന്നത്. സ്ഥലത്ത് നിന്ന് മടങ്ങാന്‍ ആവശ്യപ്പെട്ടപ്പോൾ അതിഷി, വിസമ്മതിച്ചതായും പൊലീസ് പറയുന്നു. അതേസമയം നാളെയാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. എട്ടിന് ഫലം പ്രഖ്യാപിക്കും. ശക്തമായ ത്രികോണമത്സരം നടക്കുന്ന ഡൽഹിയിൽ വൻ വിജയം ആവർത്തിക്കാനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം. അട്ടിമറിയാണ് കോൺഗ്രസും ബിജെപിയും ലക്ഷ്യം വയ്ക്കുന്നത്.