പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണർമാർ ചുമതലയേറ്റു; തിരഞ്ഞെടുപ്പു തീയതികൾ ഉടൻ പ്രഖ്യാപിച്ചേക്കും, ഉടൻ യോഗം ചേരും

Update: 2024-03-15 05:29 GMT

ലോക്‌സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ചുമതലയേറ്റു. കേരള കേഡർ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ, പഞ്ചാബ് കേഡറിലുള്ള മുൻ ഐ എസ് എസ് ഉദ്യോഗസ്ഥൻ ഡോ. സുഖ്ബീർ സിങ് സന്ധു എന്നിവരാണ് ചുമതലയേറ്റത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് ലോക്‌സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർ അംഗങ്ങളുമായ സമിതിയാണ് ഇവരുടെ പേരുകൾ രാഷ്ട്രപതിയോടു ശുപാർശ ചെയ്തത്. അധീറിന്റെ എതിർപ്പ് അവഗണിച്ചാണ് തീരുമാനം.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി പൂർണ സജ്ജമായെന്ന് കമ്മിഷൻ അംഗങ്ങൾ ചുമതലയേറ്റതിനു പിന്നാലെ തിരഞ്ഞെടുപ്പ് കമ്മിഷൻ വക്താവ് ഔദ്യോഗിക എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. തെരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച് ആലോചിക്കാൻ ഉടൻ യോഗം ചേരും. വോട്ടെടുപ്പിന് പൂർണ്ണ സജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

കോ-ഓപ്പറേഷൻ വകുപ്പ് സെക്രട്ടറി, പാർലമെന്ററി കാര്യ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഗ്യാനേഷ് കുമാർ 1988-ലെ കേരള കേഡർ ഉദ്യോഗസ്ഥനാണ്. ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ഡോ. സുഖ്ബീർ സിങ് സന്ധു നാഷനൽ ഹൈവേ അതോറിറ്റി ചെയർമാൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീ. സെക്രട്ടറി, മാനവവിഭവ വികസന വകുപ്പ് അഡീ. സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

Tags:    

Similar News