പുതിയ കോവിഡ് വകഭേദം; നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തണം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം

Update: 2022-12-24 04:34 GMT

വിദേശരാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളിലെ കോവിഡ് നിരീക്ഷണസംവിധാനങ്ങള്‍ ശക്തിപ്പെടുത്താന്‍ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനങ്ങളിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനം, വാക്‌സിനേഷന്‍ എന്നിവയുടെ പുരോഗതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനമന്ത്രിമാരുടെ വെര്‍ച്വല്‍ യോഗത്തിലാണ് നിര്‍ദേശം.

കഴിഞ്ഞ രണ്ടുതരംഗങ്ങളിലും പ്രവര്‍ത്തിച്ചതുപോലെ കേന്ദ്രവും സംസ്ഥാനങ്ങളും സഹകരണമനോഭാവത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് മന്ത്രി അറിയിച്ചു. പരിശോധനകള്‍ ത്വരപ്പെടുത്താനും ആശുപത്രി അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. അര്‍ഹരായ എല്ലാവരും വാക്‌സിനെടുക്കണം. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരേ കടുത്തനടപടി സ്വീകരിക്കണമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി. വരാനിരിക്കുന്ന ഉത്സവസീസണ്‍ കണക്കിലെടുത്ത്, കോവിഡ് ഉചിതമായ പെരുമാറ്റം പാലിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജന ബോധവത്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. എല്ലാ അടിസ്ഥാനസൗകര്യങ്ങളുടെയും തയ്യാറെടുപ്പുകള്‍ നേരിട്ട് നിരീക്ഷിക്കാനും അവലോകനം ചെയ്യാനും അവശ്യമരുന്നുകളുടെ മതിയായ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കാനും സംസ്ഥാന ആരോഗ്യമന്ത്രിമാരോട് മന്ത്രി നിര്‍ദേശിച്ചു.

Tags:    

Similar News