നെറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച ; കേസെടുത്ത് സിബിഐ , അന്വേഷണം കടുപ്പിക്കും
നെറ്റ് പരീക്ഷ പേപ്പർ ചോർച്ചയിൽ കേസെടുത്ത് സിബിഐ. ക്രമിനൽ ഗൂഢാലോചന, വഞ്ചനയടക്കം വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിദ്യാഭ്യാസ സെക്രട്ടറി നൽകിയ പരാതിയിലാണ് കേസെടുത്തത്. നീറ്റ് പരീക്ഷയ്ക്ക് പിന്നാലെ നെറ്റ് പരീക്ഷയിലും ക്രമക്കേട് കണ്ടെത്തിയതിനാൽ വൻ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. യുവാക്കളുടെ ഭാവി തകർക്കുകയാണെന്നും വീഴ്ചകൾക്ക് സർക്കാർ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു.
9 ലക്ഷത്തോളം വിദ്യാർത്ഥികൾ ചൊവ്വാഴ്ച നെറ്റ് പരീക്ഷ എഴുതി എന്നാണ് കണക്ക്. രണ്ട് ഷിഫ്റ്റുകളിൽ ആയാണ് പരീക്ഷ നടത്തിയിരുന്നത്. ക്രമക്കേട് നടന്നുവെന്ന നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് വിഭാഗത്തിന്റെ വിവരപ്രകാരമാണ് വിദ്യാഭ്യാസ മന്ത്രാലയം പരീക്ഷ റദ്ദാക്കിയത്. അതേസമയം, പരീക്ഷ പിന്നീട് നടത്തുമെന്നാണ് അറിയിപ്പ്.