ചായസത്കാരം അവസാനിച്ചു; ടി.ഡി.പിക്കും ജെ.ഡി.യുവിനും രണ്ടുവീതം മന്ത്രിമാർ
മൂന്നാം എൻ.ഡി.എ. സർക്കാരിൽ മന്ത്രിമാരാവാൻ സാധ്യതയുള്ളവർക്ക് നരേന്ദ്രമോദിയുടെ വസതിയിൽ നടത്തിയ ചായസത്കാരം അവസാനിച്ചു. 48-ഓളം പേരുകളാണ് കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ബി.ജെ.പിയിൽനിന്ന് 36 പേരും സഖ്യകക്ഷികളിൽനിന്ന് 12 പേരും മന്ത്രിമാരാവും. കേരളത്തിൽനിന്ന് സുരേഷ് ഗോപി മന്ത്രിയാവും. വൈകി പുറപ്പെട്ടത് കാരണം അദ്ദേഹത്തിന് ചായസത്കാരത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല.
ടി.ഡി.പിക്കും ജെ.ഡി.യുവിനും രണ്ടുവീതം മന്ത്രിമാരെ ലഭിക്കും. എൽ.ജെ.പിയിൽനിന്ന് ചിരാഗ് പസ്വാൻ, ഷിന്ദേ ശിവസേനയിൽനിന്ന് പ്രതാപ് റാവു ജാദവ്, എ.ജെ.എസ്.യുവിൽനിന്ന് ചന്ദ്രശേഖർ ചൗധരി, ആർ.എൽ.ഡിയിൽനിന്ന് ജയന്ത് ചൗധരി, ഹിന്ദുസ്ഥാൻ അവാം മോർച്ചയിൽനിന്ന് ജിതൻ റാം മാഞ്ചി, റിപ്പബ്ലിക്ക് പാർട്ടി ഓഫ് ഇന്ത്യ നേതാവ് രാം ദാസ് അതാവ്ലെ, അപ്നാദളിൽനിന്ന് അനുപ്രിയ പട്ടേൽ എന്നിവർ മന്ത്രിമാരാവും. ആന്ധ്രയിൽനിന്നുള്ള പവൻ കല്യാണിന്റെ ജനസേന പാർട്ടിക്ക് മന്ത്രിമാരുണ്ടാവില്ലെന്നാണ് സൂചന.