എൻസിപി പിളർപ്പ് വേദനാജനകമെന്ന് പ്രതികരണവുമായി സുപ്രിയ സുലേ എംപി. ശരദ് പവാർ എല്ലാവരെയും കുടുംബാംഗങ്ങളായാണ് കരുതിയത്. പാർട്ടിയെ പുനർനിർമ്മിക്കാൻ ശ്രമിക്കുമെന്നും സുപ്രിയ സുലേ കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിൽ അപ്രതീക്ഷിത നാടകീയ നീക്കങ്ങൾക്കൊടുവിൽ എൻസിപിയെ പിളർത്തി അജിത് പവാർ ഏക്‌നാഥ് ഷിൻഡെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. എൻസിപിയുടെ ഒമ്പത് എംഎൽഎമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
തന്നെ പിന്തുണയ്ക്കുന്ന 13 എംഎൽഎമാർക്ക് ഒപ്പമാണ് അജിത് പവാർ രാജ്ഭവനിലെത്തിയത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടേയും ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസും രാജ്ഭവനിലെത്തിയിരുന്നു. ഇരുവരുടെയും സാന്നിധ്യത്തിലാണ് രാജ് ഭവനിൽ സത്യപ്രതിജ്ഞ നടന്നത്. 29 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നാണ് അജിതിന്റെ അവകാശവാദം. ഭൂരിഭാഗം പേരും അജിതിനൊപ്പമാണെങ്കിലും എംഎൽഎമാരുടെ എണ്ണത്തിൽ വ്യക്തതയായിട്ടില്ല. മുതിർന്ന നേതാവ് പ്രഫുൽ പട്ടേലും അജിത് പവാറിനൊപ്പമുണ്ട്.