പാർട്ടിയുടെ പേരും ചിഹ്നവും അവകാശപ്പെട്ട് അജിത്ത് വിഭാഗത്തിന്റെ അപേക്ഷ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്

Update: 2023-07-28 06:06 GMT

പാർട്ടിയുടെ പേരും ചിഹ്നവും അവകാശപ്പെട്ട് അജിത് പവാർ വിഭാഗം നൽകിയ അപേക്ഷയിൽ എൻസിപിയിലെ ഇരുവിഭാഗങ്ങളോടും മറുപടി തേടി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നോട്ടിസ് അയച്ചു. വിശദാംശങ്ങൾ ഓഗസ്റ്റ് 17നകം സമർപ്പിക്കണം. ഈ മാസം രണ്ടിനാണ് അജിത് പവാർ പാർട്ടി പിളർത്തി എൻഡിഎ സർക്കാരിന്റെ ഭാഗമായത്. എന്നാൽ, അതിനു രണ്ടു ദിവസം മുൻപ് ജൂൺ 30ന് എഴുതിയ കത്തിൽ അജിത്തിനെ പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുത്തു എന്നാണ് തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ കത്തിൽ അജിത് വിഭാഗം പറയുന്നത്. പാർട്ടിയുടെ പേര്, ചിഹ്നം എന്നിവയിൽ അവകാശവാദം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. 

അതേസമയം തങ്ങളുടെ ഭാഗം കേൾക്കാതെ നടപടി എടുക്കരുതെന്ന് ആവശ്യപ്പെട്ട് ശരദ് പവാർ വിഭാഗം അതിനു പിന്നാലെ കത്തെഴുതി. തുടർന്നാണ് ഇരുവിഭാഗങ്ങളോടും വിശദാംശങ്ങൾ കൈമാറാൻ കമ്മിഷൻ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 3ന് അജിത് അടക്കം 9 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ശരദ് പവാർ പക്ഷം നിയമസഭാ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ആ കത്തിന്റെ പകർപ്പ് പിന്നീട് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനും കൈമാറി. 9 എംഎൽഎമാരെയും പാർട്ടി ദേശീയ വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ, ജനറൽ സെക്രട്ടറി സുനിൽ തത്കരെ എന്നിവരെയും പുറത്താക്കിയതിന്റെ വിശദാംശങ്ങളും ഇതോടാപ്പം ശരദ് പക്ഷം കമ്മിഷനെ അറിയിച്ചിരുന്നു. 

Tags:    

Similar News