എൻ.സി.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് സിങ് സ്വയം വിരമിക്കുന്നു; അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു

Update: 2024-04-19 06:14 GMT

ജോലിയില്‍നിന്ന് സ്വയം വിരമിക്കാനൊരുങ്ങി നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എൻ.സി.ബി) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് സിങ്. സഞ്ജയ് നല്‍കിയ അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. ഏപ്രില്‍ 30-വരെ അദ്ദേഹത്തിന് സര്‍വീസില്‍ തുടരാം. ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ലഹരിമരുന്ന് കേസില്‍ ക്ലീന്‍ചിറ്റ് നല്‍കിയ എന്‍.സി.ബി സംഘത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനാണ് സഞ്ജയ് സിങ്.

2025-ജനുവരി വരെയാണ് അദ്ദേഹത്തിന് സര്‍വീസ് കാലാവധി ഉണ്ടായിരുന്നത്. സ്വയം വിരമിക്കാനുള്ള അപേക്ഷ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതോടെ ഏപ്രില്‍-30 ന് അദ്ദേഹത്തിന്റെ സര്‍വീസ് അവസാനിക്കും. ഏപ്രില്‍ 30-വരെ ജോലിയില്‍ തുടരുമെന്ന് സഞ്ജയ് സിങ് പറഞ്ഞു. സ്വയം വിരമിക്കാനുള്ള തീരുമാനമെടുത്തതിന് പിന്നിലുള്ള കാരണം വ്യക്തമല്ല. യു.കെയില്‍ മാസ്റ്റേഴ്‌സ് ബിരുദത്തിന് ശേഷം കോര്‍പറേറ്റ് മേഖലയിലേക്ക് നീങ്ങാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണിതെന്നാണ് സൂചന.

1996 ബാച്ചിലെ ഒഡീഷ കേഡറില്‍നിന്നുള്ള ഐ.പി.എസ്. ഉദ്യോഗസ്ഥനാണ് സഞ്ജയ് സിങ്. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ ഹിന്ദു കോളേജിലായിരുന്നു അദ്ദേഹത്തിന്റെ പഠനം. ഒഡീഷ പോലീസില്‍ ഉന്നത പദവികള്‍ വഹിച്ചതിന് ശേഷമാണ് സഞ്ജയ് സിങ് സി.ബി.ഐ.യില്‍ എത്തുന്നത്. ഒഡീഷയില്‍ എ.ഡി.ജിയായിരിക്കെ ലഹരിമരുന്ന് വേട്ടയ്ക്കുള്ള പ്രത്യേകസംഘത്തെ നയിച്ചു. ഭുവനേശ്വറിലും കട്ടക്കിലും കമ്മീഷണറായും പ്രവര്‍ത്തിച്ചു. ഭുവനേശ്വറില്‍ ഒട്ടേറെ ലഹരിമരുന്ന് സംഘങ്ങളെയാണ് സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

സി.ബി.ഐ.യില്‍ ഡി.ഐ.ജിയായിരിക്കെ പ്രമാദമായ പല കേസുകളും അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. 2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കേസ്, സി.ആര്‍.പി.എഫ്. റിക്രൂട്ട്മെന്റ് കേസ് തുടങ്ങിയ കേസുകള്‍ ഇതില്‍ ചിലതാണ്.

2021 ഒക്ടോബര്‍ രണ്ടിനാണ് ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ എന്‍.സി.ബി. സംഘം അറസ്റ്റ് ചെയ്തത്. എന്നാല്‍ എന്‍.സി.ബി. സോണല്‍ ഡയറക്ടറായിരുന്ന സമീര്‍ വാംഖഡെയ്‌ക്കെതിരേ ഇതിനുപിന്നാലെ പലവിധ ആരോപണങ്ങളും ഉയര്‍ന്നു. ആര്യന്‍ ഖാനെ കേസില്‍ കുടുക്കി പണം തട്ടിയെടുക്കാനുള്ള നീക്കം നടന്നതായും വെളിപ്പെടുത്തലുകളുണ്ടായിരുന്നു.

കൈക്കൂലി ആരോപണങ്ങളും മറ്റു വിവാദങ്ങളും ഉയര്‍ന്നതോടെയാണ് സമീര്‍ വാംഖഡെയെ ആര്യന്‍ ഖാന്റെ കേസില്‍നിന്നുള്‍പ്പെടെ മാറ്റിനിര്‍ത്തിയത്. ഇതോടെ സഞ്ജയ് സിങ്ങിന് അന്വേഷണച്ചുമതല നല്‍കുകയായിരുന്നു.NCB cop Sanjay Singh Voluntary Retirement

Tags:    

Similar News