മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി, ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിലെത്തി പുഷ്പാർച്ചന അർപ്പിച്ച് നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രമുഖ ബിജെപി നേതാക്കളും മോദിക്കൊപ്പം രാജ്ഘട്ടിലെ ചടങ്ങിൽ പങ്കെടുത്തു.
വൈകിട്ട് 7.15ന് രാഷ്ട്രപതി ഭവനിലാണു സത്യപ്രതിജ്ഞ. എൻഡിഎ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തതിനെ തുടർന്ന് നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുർമുവിെന കഴിഞ്ഞദിവസം സന്ദർശിച്ചു. പ്രധാനമന്ത്രിയായി നിയമിച്ചുള്ള കത്ത് നൽകിയ രാഷ്ട്രപതി സർക്കാരുണ്ടാക്കാൻ മോദിയെ ക്ഷണിക്കുകയായിരുന്നു.
പുതിയ എൻഡിഎ സർക്കാരിൽ ആഭ്യന്തരം, ധനം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകൾ ബിജെപി തന്നെ കൈവശം വയ്ക്കുമെന്നു സൂചന. പ്രത്യയശാസ്ത്രപരമായി പാർട്ടി പ്രാധാന്യം കൽപിക്കുന്ന വിദ്യാഭ്യാസ, സാംസ്കാരിക വകുപ്പുകളും സഖ്യകക്ഷികൾക്കു നൽകാൻ സാധ്യത കുറവാണ്. രാഷ്ട്രപതിഭവനിലെ ചടങ്ങിൽ ബിജെപിയുടെയും മറ്റു ഘടകക്ഷികളുടെയും മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഓരോ ഘടകകക്ഷിക്കും എത്ര മന്ത്രിസ്ഥാനം, ഏതൊക്കെ വകുപ്പ് തുടങ്ങിയവ സംബന്ധിച്ച ചർച്ചകൾ തുടരുകയാണ്.
2019ൽ പ്രധാനമന്ത്രിക്കൊപ്പം ഘടകക്ഷികളിൽനിന്നുൾപ്പെടെ 24 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള 9 സഹമന്ത്രിമാരും 24 സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു. സഖ്യകക്ഷികളുമായുള്ള ചർച്ച പൂർത്തിയായാലേ ബിജെപിയിൽനിന്ന് എത്ര മന്ത്രിമാരെന്ന കാര്യത്തിൽ അന്തിമ രൂപമാകൂ. കേരളത്തിൽനിന്നുള്ള ഏക ബിജെപി എംപി സുരേഷ് ഗോപിക്കു കാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനമോ കിട്ടുമെന്നാണു സൂചന.
മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് ആഭ്യന്തരം കൈമാറി ധനമന്ത്രാലയം അമിത് ഷാ ഏറ്റെടുത്തേക്കുമെന്നു ചർച്ചയുണ്ട്. പാർട്ടി അധ്യക്ഷപദവിയിൽ ഈ മാസം കാലാവധി തീരുന്ന നഡ്ഡ മന്ത്രിസഭയിൽ തിരിച്ചെത്തിയേക്കും. കഴിഞ്ഞ സർക്കാരിലെ പ്രമുഖരായ രാജ്നാഥ് സിങ്ങും നിതിൻ ഗഡ്കരിയും മന്ത്രിസഭയിൽ തുടരും.
ടിഡിപിയിൽനിന്ന് റാം മോഹൻ നായിഡു, ഡോ. ചന്ദ്രശേഖർ പെമ്മസനി എന്നിവർക്കാണു മുൻതൂക്കം. ചന്ദ്രബാബു നായിഡുവിന്റെ മകൻ ലോകേഷ് നിയമസഭയിലേക്കാണു ജയിച്ചതെങ്കിലും കേന്ദ്രമന്ത്രിയായേക്കുമെന്ന് അഭ്യൂഹമുണ്ട്. ജെഡിയുവിൽനിന്ന് ലലൻ സിങ്, സഞ്ജയ് കുമാർ ഝാ, റാം നാഥ് ഠാക്കൂർ എന്നിവർക്കാണു സാധ്യത. ജെഡിയുവിന് ഒരു സഹമന്ത്രി കൂടിയുണ്ടാകും. എൽജെപി (റാം വിലാസ്) അധ്യക്ഷൻ ചിരാഗ് പാസ്വാനും കാബിനറ്റ് മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ആർഎൽഡിയുടെ ജയന്ത് ചൗധരി ഉൾപ്പെടെയുള്ള ഘടകകക്ഷി നേതാക്കളും മന്ത്രിസഭയിലുണ്ടാകും.