'ഭരണഘടനാപദവി വഹിക്കാൻ യോഗ്യനല്ല', തമിഴ്നാട് ഗവർണറെ മാറ്റണമെന്ന് പ്രതിപക്ഷ എംപിമാർ
തമിഴ്നാട് ഗവർണറെ ഉടൻ നീക്കണമെന്ന് തമിഴ്നാട്ടിൽ നിന്നുള്ള പ്രതിപക്ഷ എംപിമാർ. തമിഴ്നാട് ഗവർണർ ആർ എൻ രവിയെ ഉടൻ തിരിച്ചുവിളിക്കണമെന്നാണ് എം പിമാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ കക്ഷികൾ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയക്കുകയായിരുന്നു. കത്തിൽ എംപിമാരും ഒപ്പു വച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സർക്കാരിന്‍റെ പ്രവർത്തനം തടസപ്പെടുത്തുന്നുവെന്ന് കത്തിൽ പറയുന്നു.
ഗവർണർ ഭരണഘടനാ മൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും ഗവർണർ ജനങ്ങളുടെ ആഗ്രഹത്തിന് എതിരായി പ്രവർത്തിക്കുന്നുവെന്നും കത്തിൽ വ്യക്തമാക്കുന്നു. സർക്കാർ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ വച്ചു താമസിപ്പിക്കുന്നുവെന്നും ഭരണഘടനാ പദവി നിർവഹിക്കാൻ യോഗ്യനല്ല എന്ന് ഗവർണർ തെളിയിച്ചുവെന്നും ഇവർ ആരോപിക്കുന്നു.
കേരളത്തിലേതിന് സമാനമായി ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കുന്ന ബില്ലടക്കം തമിഴ്നാട് നിയമസഭ പാസാക്കിയിട്ടുണ്ട്. വൈസ്ചാൻസലർമാരെ നിയമിക്കുന്ന സർച്ച് കമ്മിറ്റിയിലെ മാറ്റം വരുത്തുന്ന ബിൽ, നീറ്റ് ബിൽ അടക്കം 20 ബില്ലുകളാണ് കഴിഞ്ഞ ഒരു വർഷത്തോളമായി ഗവർണർ ഒപ്പിടാതെ താമസിപ്പിക്കുന്നത്. ഇതിന് പുറമെ മതനിരപേക്ഷതയ്ക്ക് എതിരായ പ്രസ്താവനകളും തുടർച്ചായി ഗവർണർ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട്ടിലെ ഭരണ കക്ഷിയായ ഡിഎംകെയിലെ എംപിമാർ, ഡിഎംകെ സഖ്യകക്ഷികളിലെ എംപിമാർ അടക്കം 57 എം പിമാർ രാഷ്ട്രപതിക്ക് കത്തയച്ചത്. ഉടനടി ഗവർണറെ സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് ആവശ്യം.