എം പിമാർ നിലവിട്ട് പെരുമാറുന്നു; അന്തസായി പെരുമാറാതെ സഭയിലേക്ക് ഇല്ല, ഇരുപക്ഷത്തേയും നിലപാട് അറിയിച്ച് സ്പീക്കർ ഓം ബിർള

Update: 2023-08-02 13:29 GMT

വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ കേന്ദ്ര സർക്കാരിനിതിരെ പ്രതിപക്ഷവും, പ്രതിപക്ഷത്തിനെതിരെ ഭരണപക്ഷവും ശക്തമായ പ്രതിഷേധം ഉയർത്തുകയാണ്. ദിവസവും സഭ സ്തംഭിക്കുന്ന സാഹചര്യവുമാണ്. ഈ സാഹചര്യത്തിലാണ് സഭാനടപടികള്‍ നിയന്ത്രിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. എം.പിമാര്‍ സഭയുടെ അന്തസ്സിനനുസരിച്ച് പെരുമാറുന്നതുവരെ സഭയില്‍നിന്ന് വിട്ടുനില്‍ക്കാനാണ് ഓം ബിര്‍ളയുടെ തീരുമാനമെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സഭയുടെ നിലവിലെ പ്രവര്‍ത്തനത്തില്‍ പ്രതിപക്ഷത്തോടും ഭരണപക്ഷത്തോടും ഓം ബിര്‍ള കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം. എം.പിമാര്‍ സഭയുടെ അന്തസിന് അനുസരിച്ച് പെരുമാറുന്നതുവരെ ഇനി സഭയിലേക്ക് വരില്ലെന്ന് സ്പീക്കര്‍ ഇരുപക്ഷത്തേയും അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ബഹളത്തെതുടര്‍ന്ന് പിരിഞ്ഞ സഭ ബുധനാഴ്ച വീണ്ടും ചേര്‍ന്നപ്പോള്‍ ഓം ബിര്‍ള ചെയറില്‍ ഉണ്ടായിരുന്നില്ല. ബിജെപി അംഗം കിരീട്‌ സോളങ്കിയാണ് സഭാ നടപടികള്‍ നിയന്ത്രിച്ചത്.

ജൂലായ് 20-ന് വര്‍ഷകാല സമ്മേളനം ആരംഭിച്ചതുമുതല്‍ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് തുടര്‍ച്ചയായി സഭ തടസപ്പെട്ടിരുന്നു. മണിപ്പൂര്‍ കലാപ വിഷയത്തില്‍ സഭയില്‍ ചര്‍ച്ചവേണമെന്നും പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയില്‍ പ്രതിഷേധം തുടരുന്നത്. 

Tags:    

Similar News