മോദിയുടെ സന്ദർശനം; തൂക്കുപാല ദുരന്തത്തിൽപ്പെട്ടവരെ പ്രവേശിപ്പിച്ച ആശുപത്രി ഒറ്റരാത്രികൊണ്ട് നവീകരിച്ചു

Update: 2022-11-01 05:29 GMT

തൂക്കുപാലം തകർന്ന് 134 പേർ മരിച്ച ഗുജറാത്തിലെ മോർബിയിൽ ദുരന്തബാധിതരെ ചികിത്സിക്കുന്ന ആശുപത്രിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് അടിയന്തര നവീകരണം. നൂറുകണക്കിന് ദുരന്തബാധിതർക്ക് അടിയന്തര ചികിത്സ നൽകുന്ന ആശുപത്രിയിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിയ നവീകരണ, ശുചീകരണ പ്രവർത്തനങ്ങളുടെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

അതേസമയം ആശുപത്രിയിലെത്തുന്ന പ്രധാനമന്ത്രിക്ക് 'ഫോട്ടോഷൂട്ട്' നടത്തുന്നതിനാണ് ദുരന്തത്തിനിടയിലും ആശുപത്രിക്ക് പെയിന്റടിച്ചതും നവീകരിച്ചതുമെന്ന് കോൺഗ്രസും ആംആദ്മി പാർട്ടിയും വിമർശിച്ചു. 'അവർക്ക് യാതൊരു ലജ്ജയും തോന്നുന്നില്ലേ ഒട്ടേറെപ്പേരാണ് മരിച്ചുകിടക്കുന്നത്. അവരാകട്ടെ, പ്രധാനമന്ത്രിയുടെ വരവിനായുള്ള തയാറെടുപ്പുകളുടെ തിരക്കിലാണ്' - കോൺഗ്രസ് ചൂണ്ടിക്കാട്ടി.

'ഒട്ടേറെപ്പേർ മരിക്കുന്ന ഈ സമയത്ത്, മോർബിയിലെ സിവിൽ ആശുപത്രിയിൽ പെയിന്റിങ്ങും അലങ്കാരപ്പണികളും നടക്കുകയാണ്. ബിജെപി എക്കാലത്തും ഈവന്റ് മാനേജ്‌മെന്റിനു കയ്യടി നേടുന്നവരാണ്. രണ്ടു തരത്തിലുള്ള ദുരന്തങ്ങളുണ്ട്. പക്ഷേ, ഗുജറാത്തിലെ ബിജെപി മൂന്നാമതൊരു തരം ദുരന്തമാണ്. ആശുപത്രിക്ക് പെയിന്റടിക്കുകയും അലങ്കരിക്കുകയും ചെയ്യുന്നതിനു പകരം, ദുരന്തബാധിതർക്ക് മതിയായ ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയല്ലേ വേണ്ടത്' കോൺഗ്രസ് വക്താവ് ഹേമങ് റാവൽ ചോദിച്ചു. ഞായറാഴ്ച വൈകിട്ട് ആറരയോടെ മോർബിയിൽ മച്ചു നദിക്കു കുറുകെയുള്ള ചരിത്രപ്രാധാന്യമുള്ള പാലം തകർന്ന് 134 പേർ മരിച്ചതായാണ് കണക്ക്.

Tags:    

Similar News