'മോദി കാ പരിവാർ, ഞാൻ മോദിയുടെ കുടുംബം'; ലാലു പ്രസാദ് യാദവിന് മറുപടിയുമായി ബിജെപി നേതൃത്വം

Update: 2024-03-04 14:32 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ആർജെഡി തലവൻ ലാലു പ്രസാദ് യാദവിന്റെ പരിഹാസത്തിന് മറുപടിയുമായി ബിജെപി. നരേന്ദ്ര മോദിക്ക് കുടുംബമില്ലെന്ന ലാലു പ്രസാദ് യാദവിന്റെ പരിഹാസത്തിന് മോദി കാ പരിവാർ (ഞാൻ മോദിയുടെ കുടുംബം) എന്ന മറുടിയുമായി ട്വിറ്ററിൽ ബിജെപി നേതാക്കൾ രംഗത്തെത്തി. ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ പേരിനൊപ്പം ഈ വാചകം കൂടി ചേർത്തു വച്ചാണ് മറുപടി നൽകിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പാറ്റനയിൽ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഇന്ത്യ സഖ്യത്തിലെ കുടുംബാധിപത്യത്തെ വിമര്‍ശിച്ച മോദിയെ ലാലു പ്രസാദ് യാദവ് പരിഹസിച്ചത്. മോദിക്ക് സ്വന്തമായൊരു കുടുംബമില്ലെങ്കിൽ നമ്മൾ എന്ത് ചെയ്യും എന്നായിരുന്നു ലാലുവിന്‍റെ പരിഹാസം.തനിക്ക് കുടുംബവും കുട്ടികളുമില്ലാത്തതിന് ഞങ്ങളെന്ത് ചെയ്യണമെന്ന ലാലുവിന്‍റെ ചോദ്യത്തിന് ഇന്ന് തെലങ്കാനയില്‍ നടന്ന റാലിയില്‍ മോദി ഉത്തരം നല്‍കി. ഇന്ത്യയെന്ന കുടുംബമാണ് തന്‍റേത്. 140 കോടി ജനങ്ങളും കുടുംബാംഗങ്ങളാണ്. ആരുമില്ലാത്തവര്‍ മോദിയുടെ ബന്ധുക്കളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പിന്നാലെ നരേന്ദ്ര മോദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, പ്രമുഖ ബിജെപി നേതാക്കളും മന്ത്രിമാരും തങ്ങളുടെ എക്‌സ് അക്കൗണ്ട് പ്രൊഫൈലുകളും ബയോകളും 'മോദി കാ പരിവാർ' എന്നാക്കി മാറ്റി. പിയൂഷ് ഗോയൽ, നിതിൻ ഗഡ്കരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, ശിവരാജ് സിംഗ് ചൗഹാൻ എന്നിവരുൾപ്പെടെയുള്ള കേന്ദ്രമന്ത്രിമാരും പ്രമുഖ നേതാക്കളും തങ്ങളുടെ സമൂഹ മാധ്യമ അക്കൌണ്ടുകളിലെ ബയോയിൽ മോദി കാ പരിവാർ എന്ന് കൂട്ടിച്ചേർത്തിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 'മെയിൻ ഭി ചൗക്കിദാർ' എന്നായിരുന്നു ബിജെപിയുടെ പ്രചാരണ വാചകം. ഇതിന് സമാനമായാണ് മോദി കാ പരിവാർ എന്നത് ബിജെപി നേതാക്കൾ ഉയർത്തിക്കൊണ്ടുവരുന്നത്.

Tags:    

Similar News