സംസ്ഥാനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കാൻ മോദി ഇടപെട്ടു; വെളിപ്പെടുത്തലുമായി റിപ്പോർട്ടേഴ്സ് കളക്ടീവ്

Update: 2024-01-19 05:54 GMT

സംസ്ഥാനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രഹസ്യമായി ശ്രമിച്ചെന്ന് വെളിപ്പെടുത്തല്‍. അന്വേഷണാത്മക മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ റിപ്പോർട്ടേഴ്‌സ് കലക്ടീവ് ആണ് വാർത്ത പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോയിന്‍റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ബി.വി.ആർ സുബ്രഹ്മണ്യം ആണ് ഇക്കാര്യം തുറന്നുപറഞ്ഞതെന്ന് റിപ്പോർട്ടേഴ്‌സ് കലക്ടീവിലെ ശ്രീഗിരീഷ് ജലിഹല്‍ പറഞ്ഞു.

നീതി ആയോഗിലൂടെ സംസ്ഥാന ഫണ്ടുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കാൻ നരേന്ദ്ര മോദി നടത്തിയ ശ്രമങ്ങളെ തുറന്നുകാട്ടിയത് തികച്ചും ആകസ്മികമായായിരുന്നു. സെന്റർ ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് പ്രോഗ്രസ് കഴിഞ്ഞ വർഷം സംഘടിപ്പിച്ച ഇന്ത്യയിലെ സാമ്പത്തിക റിപ്പോർട്ടിങ്ങിനെക്കുറിച്ചുള്ള സെമിനാറിൽ സംസാരിക്കവെയാണു നിർണായക വിവരങ്ങൾ വെളിപ്പെടുത്തിയത്. സംസ്ഥാന ഫണ്ടുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കാൻ ധനകാര്യ കമ്മീഷനുമായി മോദി പിൻവാതിൽ ചർച്ചകൾ നടത്തി. പക്ഷെ സംസ്ഥാനത്തിന്റെ വിഹിതം തീരുമാനിക്കുന്ന നിതി ആയോഗ് ചെയർമാൻ വൈ.വി റെഡ്ഡി ഇക്കാര്യം അംഗീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രോഗ്രാം ലൈവ് ആണെന്ന് മനസിലാക്കാതെയായിരുന്നു സുബ്രഹ്മണ്യത്തിന്‍റെ വെളിപ്പെടുത്തല്‍. സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതം 32ൽനിന്ന് 42 ആക്കി വര്‍ധിപ്പിക്കുന്നത് തടയാനും മോദി ശ്രമിച്ചതായി വെളിപ്പെടുത്തലുണ്ട്. എന്നാല്‍, ഇക്കാര്യവും വിജയിച്ചില്ല.

റിപ്പോർട്ടേഴ്‌സ് കലക്ടീവ് പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് സംഭവത്തെ കുറിച്ചുള്ള വിശദമായ ചോദ്യങ്ങൾ അയച്ച് മണിക്കൂറുകൾക്കുശേഷം സി.എസ്.ഇ.പി യൂട്യൂബ് ചാനലിലെ വിഡിയോ അപ്രത്യക്ഷമായി. സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന നികുതി വിഹിതം പോരെന്നു പറഞ്ഞു ദക്ഷിണേന്ത്യന്‍ ഇന്ത്യൻ സംസ്ഥാനങ്ങള്‍ പ്രതിഷേധിക്കുമ്പോഴാണ്, സംസ്ഥാനങ്ങളെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കാൻ ശ്രമിക്കുന്നതിന്റെ തെളിവ് പുറത്തുവരുന്നത്.

സംസ്ഥാനങ്ങളുടെ വരുമാന വിഹിതം കുറയ്ക്കാനുള്ള ശ്രമം പാഴായപ്പോൾ മോദി കളംമാറ്റിച്ചവിട്ടി. സംസ്ഥാനങ്ങൾക്ക് അധിക വിഹിതം അനുവദിക്കുന്നത് സ്വന്തം സർക്കാരിന്റെ നേട്ടമായി മോദി ഉയർത്തിക്കാട്ടി. 2015 ഫെബ്രുവരി 27ന് പാർലമെന്റിൽ വാചാലനായി. അർഹമായ തുക നൽകാതെ സംസ്ഥാനങ്ങളെ കേന്ദ്ര സർക്കാർ അലട്ടുന്നുവെന്ന പ്രതിപക്ഷത്തിന്റെ വാക്കുകൾ ശരിവയ്ക്കുന്നതാണ് ഈ തുറന്നു പറച്ചിലുകൾ.

Tags:    

Similar News