'യുക്രൈൻ യുദ്ധം തടഞ്ഞ് നിർത്താൻ മോദിക്ക് കഴിയും , ചോദ്യ പേപ്പർ ചോർച്ച തടയാൻ കഴിയില്ല '; പരിഹാസവുമായി രാഹുൽ ഗാന്ധി
നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര സര്‍ക്കാരിനെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ആര്‍.എസ്.എസ്-ബി.ജെ.പി നിയന്ത്രണത്തിലാണ്. അതില്‍ മാറ്റമുണ്ടായില്ലെങ്കില്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച തുടരുമെന്ന് രാഹുല്‍ വിമര്‍ശിച്ചു. മോദി യുക്രൈന്‍-റഷ്യ, ഇസ്രായേല്‍-ഗസ്സ യുദ്ധവും തടഞ്ഞുനിര്‍ത്തിയെന്നാണ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ചോദ്യപേപ്പര്‍ ചോര്‍ച്ച പോലും തടയാന്‍ കഴിയാത്തയാളാണ് മോദിയെന്നും രാഹുല്‍ പരിഹസിച്ചു.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ബി.ജെ.പിയുടെ മാതൃസംഘടന പിടിച്ചടക്കിയിരിക്കുകയാണ്. അതില്‍ മാറ്റമുണ്ടാകാത്ത കാലത്തോളം ചോദ്യപേപ്പര്‍ ചോര്‍ച്ചയും തുടരും. ഇതിന് കൂട്ടുനിന്നയാളാണ് മോദി. ദേശദ്രോഹ പ്രവര്‍ത്തനമാണിതെന്നും രാഹുല്‍ വിമര്‍ശിച്ചു.
സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരെ ഇപ്പോള്‍ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല, ഒരു പ്രത്യേക സംഘടനയോടുള്ള ബന്ധം നോക്കിയാണ് നിയമിക്കുന്നതെന്നും രാഹുല്‍ തുടര്‍ന്നു. ഈ സംഘടനയും ബി.ജെ.പിയും നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തില്‍ നുഴഞ്ഞുകയറി ആകെ നശിപ്പിച്ചിരിക്കുകയാണ്. നരേന്ദ്ര മോദി നോട്ടുനിരോധനത്തിലൂടെ രാജ്യത്തെ സമ്പദ്ഘടനയോടു ചെയ്തതു തന്നെയാണ് ഇപ്പോള്‍ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തോടും ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സ്വതന്ത്രവും നിഷ്പക്ഷവുമായ വിദ്യാഭ്യാസ സംവിധാനം തകര്‍ത്തതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതിനും ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതിനുമെല്ലാം കാരണം. സംഭവത്തില്‍ കുറ്റവാളികളെ കേസെടുത്ത് ശിക്ഷിക്കണം. മോദി യുക്രൈന്‍-റഷ്യ യുദ്ധവും ഇസ്രായേല്‍-ഹമാസ് യുദ്ധവും തടഞ്ഞുനിര്‍ത്തിയെന്നാണു പറയപ്പെട്ടിരുന്നത്. എന്നാല്‍, അതേ മോദിക്ക് ഇന്ത്യയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനായില്ല. അതു തടയണമെന്ന ആഗ്രഹവും മോദിക്കില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
നീറ്റ്-നെറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ രാജ്യവ്യാപകമായി വന്‍ പ്രതിഷേധമാണു നടക്കുന്നത്. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ കുറിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നതിനിടെയായിരുന്നു കഴിഞ്ഞ ദിവസം നടന്ന നെറ്റ് പരീക്ഷയും കേന്ദ്രം റദ്ദാക്കിയത്. ഗുരുതരമായ ക്രമക്കേട് നടന്നതായുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ജൂണ്‍ 18നു നടന്ന പരീക്ഷ റദ്ദാക്കിയത്. എട്ടു ലക്ഷത്തിലേറെ വരുന്ന വിദ്യാര്‍ഥികളെയാണു നടപടി നേരിട്ടു ബാധിച്ചത്.