തകർപ്പൻ ജയത്തോടെ തമിഴ്നാടിന്‍റെ സ്റ്റാലിൻ; നേട്ടമുണ്ടാക്കാനാവാതെ ബിജെപി

Update: 2024-06-05 06:19 GMT

തമിഴ്നാട്ടിലെ തകർപ്പൻ ജയത്തോടെ സംസ്ഥാന രാഷ്ട്രീയത്തിൽ അനിഷേധ്യനാവുകയാണ് മുഖ്യമന്ത്രി സ്റ്റാലിൻ. ഒറ്റ സീറ്റിലും നേട്ടമുണ്ടാക്കാനാവാതെ ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈക്ക് മുഖം നഷ്ടമായപ്പോൾ, എടപ്പാടി പഴനി സ്വാമിക്ക് മുന്നിലും പ്രതിസന്ധി ഏറുകയാണ്. സഖ്യമവസാനിപ്പിച്ച ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ച ബി.ജെ.പിക്കും അണ്ണാ ഡി.എം.കെക്കും ദയനീയ തോൽവിയാണ് ദ്രാവിഡ മണ്ണ് സമ്മാനിച്ചത്.

എക്സിറ്റ് പോളുകൾ ബിജെപിക്ക് പത്തിലധികം സീറ്റുകൾ പ്രവചിച്ചപ്പോഴും വെല്ലൂരിൽ മാത്രമേ വെല്ലുവിളി ഉള്ളൂവെന്ന നിലപാടിലായിരുന്നു ഡിഎംകെ. വെല്ലൂരിലെ ലീഡ് രണ്ട് ലക്ഷവും കടന്ന് മുന്നേറിയതോടെ മുന്നേറ്റം സഖ്യം ഉറപ്പിച്ചു. തമിഴ്നാട്ടിലെ 39 സീറ്റില്‍ 39 ഇടത്തും ഇന്ത്യ സഖ്യമാണ് വിജയം നേടിയത്.  ഭരണത്തിലെത്തി മൂന്നാം വർഷം, കേന്ദ്ര ഏജൻസികൾ ഉയർത്തിയ പ്രതിസന്ധിയും പ്രളയത്തിന് പിന്നാലെ ഉരുണ്ടുകൂടിയ ജനരോഷവും മറികടന്ന് നേടിയ ജയം സ്റ്റാലിനെയും മകൻ ഉദയനിധിയെയും കൂടുതൽ കരുത്തരാക്കും. 

തമിഴ്നാട്ടിൽ 25 ശതമാനം വോട്ടും അരഡസൻ സീറ്റും നേടുമെന്ന് വീമ്പിളക്കിയിരുന്ന കെ.അണ്ണാമലൈക്ക് മുഖത്തേറ്റ പ്രഹരമാണ് കോയമ്പത്തൂരിലെ ദയനീയ തോൽവി. കോയമ്പത്തൂരില്‍ വിജയം ഉറപ്പിച്ചെന്ന് പറഞ്ഞ കെ അണ്ണാമലൈക്ക് ഒരു തവണ പോലും മുന്നിലെത്താൻ കഴിഞ്ഞില്ല. ഒൻപത് സീറ്റിൽ പാർട്ടി രണ്ടാം സ്ഥാനത്തെത്തിയെന്ന വാദമുയർത്തി പിടിച്ചുനിൽക്കാനാകും  അണ്ണാമൈലയുടെ ശ്രമം. 

ത്രികോണ പോരാട്ടമില്ലായിരുന്നെങ്കിൽ ഡിഎംകെയ്ക്ക് പത്തിലധികം സീറ്റ് നഷ്ടമായേനേ എന്ന വിലയിരുത്തൽ , അണ്ണാഡി എംകെയെ പുകച്ചുപുറത്തുചാടിച്ച അണ്ണാമലൈക്ക് ക്ഷീണമാണ്. ചില സീറ്റുകളിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അണ്ണാ ഡിഎംകെയ്ക്ക് വോട്ടുവിഹിതത്തിലെ രണ്ടാം സ്ഥാനം കൊണ്ട് മാത്രം ആശ്വസിക്കാനാകില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് വർഷം മാത്രം ബാക്കിനിൽക്കെ പാർട്ടിയിലെ അതൃപ്തരെ അനുനയിപ്പിക്കാനും എടപ്പാടി പാടുപെടും.

Tags:    

Similar News