യുദ്ധഭീതി ശക്തം: 'ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണം'; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

Update: 2024-10-02 10:05 GMT

പശ്ചിമേഷ്യയിൽ യുദ്ധഭീതി ഏറിയതോടെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. ഇറാൻ -ഇസ്രയേൽ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണം എന്ന്  വിദേശകാര്യമന്ത്രാലയം നിർദ്ദേശിച്ചു. നിലവിൽ ഇറാനിലുള്ളവർ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്തണണമെന്നും നിർദ്ദേശമുണ്ട്.

സംഘർഷം വ്യാപിക്കുന്നതിൽ അതിയായ ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എല്ലാവരും സംയമനം പാലിക്കണമെന്നും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യയുടെ പ്രസ്താവന പറയുന്നു. മേഖലയിലാകെ സംഘർഷം പടരുന്നത് ഒഴിവാക്കണമെന്നും ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും വിഷയങ്ങൾ പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.  

അതേസമയം, ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് മറുപടി നൽകുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. തിരിച്ചടിയുണ്ടായാൽ ചെറുക്കുമെന്ന് ഇറാനും മറുപടി നല്‍കി. ഇതിനിടെ, യുഎൻ രക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ന് നടക്കും.

Tags:    

Similar News