'മോദിക്കെതിരെ ഒന്നിച്ച് പോരാടും'; പ്രതിപക്ഷ പാർട്ടികളുടെ ആദ്യ യോഗം സമാപിച്ചു

Update: 2023-06-23 13:00 GMT

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പ്രതിപക്ഷ പാർട്ടികളുടെ ആദ്യ യോഗം പട്നയിൽ സമാപിച്ചു. ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങുമെന്ന് പ്രഖ്യാപിച്ചാണ് യോഗം സമാപിച്ചത്. ഒന്നിച്ചുനിൽക്കാൻ സമവായത്തിന് തയ്യാറാകണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി ആക്രമിക്കുന്നത് രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളെയാണ്. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഒന്നിച്ചുപോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി എന്ത് രാഷ്ട്രീയനിലപാട് സ്വീകരിച്ചാലും പ്രതിപക്ഷം ഒറ്റകെട്ടായി നിൽക്കുമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. അന്വേഷണ ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നു. ബിഹാർ, ചരിത്രം തിരുത്തിയ സ്ഥലമാണെന്നും മമത ഓർമ്മിപ്പിച്ചു.

ഒന്നിച്ചിരിക്കാൻ അവസരമൊരുക്കിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നന്ദി പറഞ്ഞു. ഇന്നുണ്ടായത് ഗുണാത്മക ചർച്ചകളെന്ന് നിതീഷ്‌കുമാറും കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിയിലായിരുന്നു യോഗം. പ്രതിപക്ഷ പാർട്ടികളുടെ അടുത്തയോഗം ഷിംലയിൽ ജൂലൈ രണ്ടാം വാരം സംഘടിപ്പിക്കും.

Tags:    

Similar News