മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൂട്ടമരണം

Update: 2023-10-03 02:35 GMT

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗികളുടെ കൂട്ടമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 12 നവജാത ശിശുക്കളുള്‍പ്പെടെ 24 രോഗികള്‍ മരിച്ചു.

നന്ദേഡിലെ ശങ്കര്‍ റാവു ചവാൻ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.

ആറ് ആണ്‍കുട്ടികളും ആറ് പെണ്‍കുട്ടികളുമടക്കം 12 നവജാത ശിശുക്കള്‍ മരിച്ചതായി ആശുപത്രി ഡീൻ അറിയിച്ചതായി എൻ.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ അസുഖം മൂലം ചികിത്സയിലായിരുന്ന മറ്റ് 12 പേരും മരിച്ചിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗം പേരും പാമ്ബ് കടിയേറ്റ് ചികിത്സയിലുള്ളവരായിരുന്നുവെന്നും ഡീൻ വ്യക്തമാക്കി.

'70 മുതല്‍ 80 കിലോമീറ്റര്‍ ചുറ്റളവില്‍ ഈ രീതിയിലുള്ള ഒരു പരിചരണ കേന്ദ്രം ഇത് മാത്രമാണ്. ദൂരെ സ്ഥലത്ത് നിന്നുപോലും ഇവിടേക്ക് രോഗികള്‍ എത്തുന്നുണ്ട്. ചില ദിവസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കും. അടുത്തിടെ ജീവനക്കാരില്‍ ചിലരെ സ്ഥലം മാറ്റിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു'- ആശുപത്രി ഡീൻ പറഞ്ഞു.

സംഭവത്തില്‍, സംസ്ഥാനത്തെ 'ട്രിപ്പിള്‍ എഞ്ചിൻ' സര്‍ക്കാരാണ് ഉത്തരവാദിയെന്ന് ആരോപിച്ച്‌ എൻ.സി.പി നേതാവ് സുപ്രിയ സുലെ രംഗത്തെത്തി. ബന്ധപ്പെട്ട മന്ത്രിയുടെ രാജി എത്രയും പെട്ടെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദെ ആവശ്യപ്പെടണമെന്നും സുലെ പറഞ്ഞു.

Tags:    

Similar News