പ്രമുഖ മണിപ്പുരി സിനിമാതാരം ബിജെപിയിൽനിന്ന് രാജിവച്ചു

Update: 2023-09-28 06:38 GMT

മണിപ്പുരിലെ കലാപം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് കാണിച്ച്, പ്രമുഖ മണിപ്പുരി സിനിമാതാരം രാജ്കുമാർ കൈക്കു (സോമേന്ദ്ര) ബിജെപിയിൽനിന്നു രാജിവച്ചു. കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രണ്ട് വിദ്യാർഥികൾ കൂടി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് രാജ്കുമാർ പാർട്ടിയിൽനിന്ന് രാജിവച്ചത്. രണ്ട് കുക്കി സിനിമകളുൾപ്പെടെ 400ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുള്ള രാജ്കുമാർ ബിജെപി സംസ്ഥാന ഭാരവാഹികൾക്ക് ബുധനാഴ്ച രാജിക്കത്ത് കൈമാറി.

ഇംഫാൽ വെസ്റ്റ് സ്വദേശിയായ രാജ്കുമാർ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. 2021 നവംബറിലാണ് ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി പ്രചാരണരംഗത്ത് സജീവമായിരുന്നു. താൻ ആദ്യ പരിഗണന നൽകുന്നത് ജനങ്ങൾക്കാണെന്നും പാര്‍ട്ടി രണ്ടാമതാണെന്നും രാജ്കുമാർ രാജിക്കത്തിൽ വ്യക്തമാക്കി. നാലു മാസമായി തുടരുന്ന കലാപം നിയന്ത്രണ വിധേയമാക്കാൻ സർക്കാർ ഫലപ്രദമായ നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും രാജ്കുമാർ പറഞ്ഞു. അതേസമയം, രാജിക്കാര്യത്തിൽ രാജ്കുമാർ പുനഃപരിശോധന നടത്തണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.

കലാപ ബാധിതമായ മണിപ്പുരിൽ വിദ്യാർഥികളുടെ കൊലപാതകത്തോടെ വീണ്ടും സംഘർഷം ശക്തമായി. പ്രതിഷേധക്കാർ തൗബാലിൽ ബിജെപി ഓഫിസിന് തീയിടുകയും മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. ഇംഫാൽ താഴ്‌വരയെ ഒഴിവാക്കി മണിപ്പുരിലെ മറ്റു പ്രദേശങ്ങളെ പ്രശ്നബാധിതപ്രദേശങ്ങളായി സർക്കാർ വീണ്ടും പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളിൽ പ്രത്യേക സൈനികാധികാരനിയമത്തിന് (അഫ്സ്പ) അടുത്ത ആറു മാസംകൂടി പ്രാബല്യമുണ്ടാകും.

Tags:    

Similar News