മണിപ്പൂർ കലാപം സംബന്ധിച്ചുള്ള അടിയന്തര പ്രമേയത്തിന് രാജ്യസഭയിൽ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അനുമതി നിഷേധിച്ചു. ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ സമ്മതിച്ച സാഹചര്യത്തിൽ അടിയന്തര പ്രമേയ നോട്ടീസിൽ ചർച്ച അനുവദിക്കാൻ കഴിയില്ലെന്ന് ഉപരാഷ്ട്രപതി വ്യക്തമാക്കി. ഇതോടെ സഭയിൽ പ്രതിപക്ഷ പ്രതിഷേധമുയർന്നു. തുടർന്ന് സഭ രണ്ടു മണി വരെ നിർത്തിവെച്ചു. മണിപ്പൂരിൽ കുകി സ്ത്രീകൾ നഗ്നരായി നടത്തപ്പെട്ടതടക്കമുള്ള വിവാദങ്ങൾ കത്തി നിൽക്കേ ഇന്നാണ് പാർലമെന്റിലെ വർഷകാല സമ്മേളനം ആരംഭിച്ചത്. സഭ നടക്കുന്നതിന് മുമ്പായി മണിപ്പൂരിൽ നടക്കുന്ന സംഭവ വികാസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി പ്രതികരിച്ചിരുന്നു.
ആക്രമണം നടക്കുന്നത് മണിപ്പൂരിൽ ആണെങ്കിലും അപമാനിക്കപ്പെടുന്നത് രാജ്യമാണെന്നും തന്റെ ഹൃദയം ദുഃഖം കൊണ്ടും ദേഷ്യം കൊണ്ടും നിറയുന്നുവെന്നും മാധ്യമങ്ങളോട് സംസാരിക്കവേ പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളിലെ ക്രമസമാധാന നില ശക്തമായി നിലനിർത്താൻ മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടുന്നുവെന്നും മണിപ്പൂരിലെ സ്ത്രീകൾക്ക് നേരെ ഉണ്ടായ ആക്രമണം ഒരിക്കലും നടക്കാൻ പാടില്ലാത്തതാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സംഭവത്തിലെ കുറ്റവാളികൾ ഒരിക്കലും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആഭ്യന്തര മന്ത്രി അമിത് ഷാ മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗിനെ ഫോണിൽ ബന്ധപ്പെട്ട് സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തെ കുറിച്ച് സംസാരിച്ചു.
'ഇന്ത്യ'യെന്ന കൂട്ടായ്മയായി പ്രതിപക്ഷം ഒന്നിച്ച ശേഷമുള്ള ആദ്യ പാർലമെന്റ് സമ്മേളനമാണ് ഇന്ന് നടക്കുന്നത്. മണിപ്പൂർ വിഷയം സംബന്ധിച്ച് ആംആദ്മി പാർട്ടി എംപി സഞ്ജയ് സിംഗ്, സിപിഐ എംപി ബിനോയ് വിശ്വം എന്നിവർ രാജ്യസഭയിലും കോൺഗ്രസ് എംപി മനീഷ് തിവാരി ലോക്സഭയിലുമാണ് നോട്ടീസ് നൽകിയിരുന്നു. മണിപ്പൂർ കലാപം സംബന്ധിച്ച് സിപിഎം എംപിമാർ രാജ്യസഭയിൽ നോട്ടീസ് നൽകി. സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം, എംപിമാരായ ഡോ. വി. ശിവദാസൻ, ഡോ. ജോൺ ബ്രിട്ടാസ്, എ. എ. റഹീം എന്നിവരാണ് സഭാധ്യക്ഷൻ ജഗ്ദീപ് ധൻകറിന് ചട്ടം 267 പ്രകാരം നോട്ടീസ് നൽകിയത്. മണിപ്പൂരിലെ സംഘർഷം ചർച്ച ചെയ്യാൻ തയാറാണെന്ന് സർവകക്ഷി യോഗത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. പാർലമെന്റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി നടന്ന സർവകക്ഷി യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിലാണ് യോഗം നടന്നത്. വരുന്ന പാർലമെൻറ് സെഷനിൽ മണിപ്പൂർ സംഘർഷമടക്കമുള്ള വിഷയങ്ങൾ കോൺഗ്രസ് ഉയർത്തുമെന്ന് ജയ്‌റാം രമേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്ത കേന്ദ്ര തെരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപിക്കും എൻഡിഎക്കുമെതിരെ യോജിച്ച് മുന്നേറാൻ ബംഗളൂരുവിൽ ചേർന്ന രണ്ടാം പ്രതിപക്ഷ സംഗമം പദ്ധതി ആസൂത്രണം ചെയ്തിരുന്നു.