മണിപ്പൂർ കലാപം; സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ അസമിലേക്ക് മാറ്റി

Update: 2023-08-25 11:04 GMT

മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുന്ന കേസുകളുടെ വിചാരണ അസമിലേക്ക് മാറ്റി സുപ്രീം കോടതി. ന്യായമായ വിചാരണനടപടികൾ ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് കോടതി വ്യക്തമാക്കി. വിചാരണയ്ക്കായി ജഡ്ജിമാരെ നിയമിക്കാൻ ഗുവാഹത്തി ഹൈക്കോടതിക്ക് സുപ്രീം കോടതി നിർദ്ദേശം നൽകി മണിപ്പൂരിലെ നിലവിലെ സാഹചര്യവും കേസിൽ നീതീ ഉറപ്പാക്കാൻ ന്യായമായ വിചാരണനടപടികൾ വേണമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

വിചാരണനടപടികൾക്കായി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനേയും സെഷൻസ് ജഡ്ജിമാരെയും നിയമിക്കാൻ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയത്. മണിപ്പൂരിലെ ഭാഷ അറിയുന്ന ജഡ്ജിമാരാകണം ഇവരെന്നും പ്രതികളെ ഹാജരാക്കൽ , റിമാൻഡ്, ജുഡീഷ്യൽ കസ്റ്റഡി, കസ്റ്റഡി നീട്ടൽ എന്നീ അപേക്ഷകൾക്ക് ഈ ജഡ്ജിമാരെ സിബിഐ സമീപിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കുന്നു

വിചാരണ ഉൾപ്പെടെ നടപടികൾ ഓൺലൈനായാണ് നടത്തേണ്ടത്. പ്രതികളും പരാതിക്കാരും നേരിട്ട് അസമിൽ എത്തേണ്ടതില്ല.എന്നാൽ സാക്ഷികളുടെ രഹസ്യമൊഴി മണിപ്പൂർ ഹൈക്കോടതി നിയമിക്കുന്ന ജഡ്ജിമാർ നേരിട്ടെത്തി രേഖപ്പെടുത്തണമെന്നും നിർദേശത്തിൽ പറയുന്നു. ഇതിനായി മണിപ്പൂർ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസാണ് നടപടി സ്വീകരിക്കേണ്ടത്. പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഓൺലൈനായി ഈ ജഡ്ജിമാരുടെ സാന്നിധ്യത്തിൽ നടത്തണം.കേസുകളുടെ വിചാരണ നടപടികൾ തടസമില്ലാതെ നടത്താൻ ഇന്‍റര്‍നെറ്റ് സംവിധാനം നൽകുമെന്ന് കേന്ദ്രം അറിയിച്ചു. കേസിൽ നേരിട്ട് ഹാജരാകാൻ താൽപര്യമുള്ളവരെ തടയില്ലെന്നും കോടതി വ്യക്തമാക്കി. 

Tags:    

Similar News