മണിപ്പുരിൽ ഗവർണറെ കാണാൻ എത്തിയപ്പോൾ അനുയായികൾ തടഞ്ഞതിനു പിന്നാലെ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി ബിരേൻ സിങ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിർണായക ഘട്ടത്തിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവയ്ക്കുകയില്ലെന്ന് അദ്ദേഹം അറിയിച്ചു.
രാജിസന്നദ്ധത അറിയിക്കാനാണ് ഗവർണറെ കാണുന്നതെന്നു വാർത്ത വന്നതോടെയാണ് അണികൾ രാജിവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ബിരേൻ സിങ്ങിനെ തടഞ്ഞത്. രാജിക്കത്ത് ബലമായി പിടിച്ചുവാങ്ങി കീറിക്കളയുകയും ചെയ്തു. ഇതോടെ ഗവർണറെ കാണാനുള്ള ശ്രമം ഉപേക്ഷിച്ചു. അതേസമയം, രാജിവയ്ക്കുന്നത് ഒഴിവാകാൻ ബിരേൻ സിങ്ങിന്റെ സമ്മർദ തന്ത്രമാണോ ഇതെന്നും സംശയമുണ്ട്.
ഇതിനിടെ, മണിപ്പുരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. ഇംഫാലിൽ നാളെ പുലർച്ചെ വരെ കർഫ്യൂ ഏർപ്പെടുത്തി.