മണിപ്പുരിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം; സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്

Update: 2024-06-10 09:57 GMT

മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം. തിങ്കളാഴ്ച കങ്പോക്പി ജില്ലയിലാണ് സംഭവം. ആയുധധാരികളായ സംഘമാണ് ആക്രമണം നടത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രിക്കുനേരെയാണ് ആക്രമണം ഉണ്ടായതെന്ന് ബിരേൻ സിങ് പ്രതികരിച്ചു.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം ഇംഫാലിൽ നിന്ന് ജിരിബം ജില്ലയിലേക്ക് സഞ്ചരിക്കവേയാണ് ആക്രമണമുണ്ടായത്. രാവിലെ 10.30-ന് ദേശീയപാത-37 ൽ വെച്ചാണ് സംഭവമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. അതേ സമയം സംഭവം അപലപനീയമാണെന്ന് ബിരേൻ സിങ് പ്രതികരിച്ചു. ഇത് മുഖ്യമന്ത്രിക്ക് നേരെയുള്ള ആക്രമണമാണ്. അതായത് സംസ്ഥാനത്തെ ജനങ്ങൾക്ക് നേരെയുള്ളത്. സംസ്ഥാന സർക്കാരിന് ഇത് സംബന്ധിച്ച് ചില കാര്യങ്ങൾ ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജൂൺ 6-ാം തീയതി അജ്ഞാതരുടെ ആക്രമണത്തെ തുടർന്ന് ഒരാൾ മരണപ്പെട്ടിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശം അശാന്തമായി തുടരുകയായിരുന്നു. സർക്കാർ ഓഫീസുകളും എഴുപതോളം വീടുകളും ആക്രമിക്കപ്പെട്ടു. നൂറിലധികം പ്രദേശവാസികൾ പലായനം ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജിരിബം ജില്ല സന്ദർശിക്കാൻ മുഖ്യമന്ത്രി പദ്ധതിയിട്ടത്.

Tags:    

Similar News