ത്രിപുര മുഖ്യമന്ത്രിയായി ബിജെപി നേതാവ് മണിക് സാഹ വീണ്ടും ചുമതലയേറ്റു. എട്ടു മന്ത്രിമാരും ഇന്നത്തെ ചടങ്ങിൽ ഗവർണർ സത്യദേയേ നാരായൻ ആര്യയിൽനിന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്ത്രര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർക്കൊപ്പം മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങും ചടങ്ങിൽ പങ്കെടുത്തു.
ഇന്നു സത്യപ്രതിജ്ഞ ചെയ്തവരിൽ ഒരാൾ ബിജെപിയുടെ സഖ്യകക്ഷിയായ ഐപിഎഫ്ടിയുടെ എംഎൽഎയാണ്. മന്ത്രിസഭയിൽ നാലു പേർ പുതുമുഖങ്ങളാണ്. ഗോത്ര വിഭാഗത്തിൽനിന്നുള്ള മൂന്ന് എംഎൽഎമാർക്കും മണിക് സാഹ മന്ത്രിസഭയിൽ ഇടം നൽകിയിട്ടുണ്ട്.
മൂന്നു മന്ത്രിപദവി ഒഴിച്ചിട്ടിരിക്കുകയാണ്. കേന്ദ്രമന്ത്രികൂടിയായ പ്രതിമ ഭൗമിക് ഇന്നു സത്യപ്രതിജ്ഞ ചെയ്തില്ല. പ്രതിമയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്കു സജീവമായി പരിഗണിക്കപ്പെട്ടിരുന്നു. അതേസമയം, ഇടതുപക്ഷവും കോൺഗ്രസും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചു
തിപ്ര മോത്ത പാർട്ടിയുടെ 13 എംഎൽഎമാരും ചടങ്ങിൽ പങ്കെടുത്തില്ല. എന്നാൽ 'വിട്ടുവീഴ്ചയ്ക്ക് തയാറല്ല, കാത്തിരുന്നു കാണാം' എന്ന് തിപ്ര മോത്ത പാർട്ടിയുടെ അധ്യക്ഷൻ പ്രദ്യോത് കിഷോർ മാണിക്യ ദേബർമ സമൂഹമാധ്യമത്തിൽ കുറിച്ചു.
60ൽ 32 സീറ്റ് നേടിയാണ് ബിജെപി ത്രിപുരയിൽ അധികാരത്തിലെത്തിയത്. 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. സഖ്യകക്ഷിയായ ഐപിഎഫ്ടി ഒരു സീറ്റും നേടി. തിരഞ്ഞെടുപ്പിന് ഒൻപതു മാസം മുൻപ് ബിപ്ലബ് ദേബ് കുമാറിനെ മാറ്റിയാണ് മണിക് സാഹയെ ത്രിപുര മുഖ്യമന്ത്രിയാക്കിയത്.