പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Update: 2023-06-05 09:50 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കത്തയച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രം​ഗത്ത്. ഒഡിഷ ട്രെയിന്‍ ദുരന്തത്തിലെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞു കൊണ്ടാണ് കത്ത്. ബാലസോര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ റെയില്‍വെ നേരിടുന്ന പതിനൊന്ന് പ്രശ്‌നങ്ങളാണ് ഖാർ​ഗെ തന്റെ കത്തിൽ ചൂണ്ടിക്കാട്ടുന്നത്.

റെയില്‍വെയില്‍ ഏതാണ്ട് മൂന്നു ലക്ഷത്തോളം ഒഴിവുകളാണ് ഉളളത്. ഇത്രയും ഒഴിവുകളുള്ളത് കൊണ്ട് തന്നെ ലോക്കോപൈലറ്റുമാര്‍ അധിക സമയം ജോലിയെടുക്കേണ്ടി വരുന്നു. ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നുവെന്നും കത്തിൽ പറയുന്നു. സിഗ്നലിങ് സംവിധാനത്തിന്റെ തകരാറുകള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് ദക്ഷിണ റെയില്‍വെയിലെ ഒരു ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ റെയില്‍വെ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. എന്നാല്‍ ആ കത്ത് പരിഗണിക്കപ്പെട്ടില്ല. റെയില്‍ സുരക്ഷയെ കുറിച്ചുള്ള പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട് അവഗണിക്കപ്പെട്ടു. പാളം തെറ്റലും സുരക്ഷയും സംബന്ധിച്ച സി.ഐ.ജിയുടെ റിപ്പോര്‍ട്ടും പരിഗണിച്ചില്ല. റെയില്‍വെയ്ക്കായി നീക്കി വെക്കുന്ന പണത്തിന്റെ അളവ് എന്തുകൊണ്ട് ഓരോ വര്‍ഷവും കുറയുന്നതായും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കവച് പദ്ധതിയെന്തു കൊണ്ട് രാജ്യത്ത് നാലു ശതമാനം ഭാഗത്തു മാത്രം നടപ്പിലാക്കി. ബാക്കി 96 ശതമാനം സ്ഥലങ്ങളില്‍ എന്തു കൊണ്ട് പദ്ധതി നടപ്പിലാക്കിയില്ല. അപകട കാരണം കണ്ടെത്തിയെന്ന് റെയില്‍വെ മന്ത്രി പറയുന്നു. അതേ മന്ത്രി തന്നെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതെങ്ങനെ നീതികരിക്കാനാകും. എന്താണ് ഇതിന്റെ അടിസ്ഥാനമെന്നും ഖാർ​ഗെ കത്തിൽ ചോദിച്ചിരിക്കുന്നു. 2016-ല്‍ കാണ്‍പുരില്‍ അപകടമുണ്ടായി 150 പേര്‍ മരിച്ചു ആ ദുരന്തത്തിനു പിന്നാലെ അപകടത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രധാനമന്ത്രി ഒരു പൊതു വേദിയില്‍ പറഞ്ഞു. കേസന്വേഷണം എന്‍.ഐ.എയെ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ എന്‍.ഐ.എ. 2018-ല്‍ ഒരു ചാര്‍ജ് ഷീറ്റു പോലും ഫയല്‍ ചെയ്യാതെ കേസ് അവസാനിപ്പിച്ചെന്നും ആ സംഭവത്തിന്റെ ഉത്തരവാദി ആരാണെന്നും പ്രധാനമന്ത്രിയ്‌ക്കെഴുതിയ കത്തില്‍ ഖാര്‍ഗെ ചോദിച്ചിരിക്കുന്നു. ഇത്തരത്തിൽ പതിനൊന്ന് വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കൊണ്ടുള്ളതാണ് ഖാര്‍ഗെയുടെ കത്ത്.

Tags:    

Similar News