രേഖ ശര്‍മയ്‌ക്കെതിരായ പരാമര്‍ശം; മഹുവ മൊയ്ത്രക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് വനിതാകമ്മിഷൻ

Update: 2024-07-05 16:24 GMT

തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ ദേശീയ വനിത കമീഷൻ കേസെടുത്തു. കമ്മിഷൻ അധ്യക്ഷ രേഖ ശർമക്കെതിരായ പരാമർശത്തിലാണ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണ് മഹുവ നടത്തിയതെന്നാണ് കമ്മിഷൻ വിലയിരുത്തിയിരിക്കുന്നത്. മഹുവക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിഷൻ ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് കത്തയച്ചിട്ടുമുണ്ട്.

കൂടാതെ വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസിനും കമ്മിഷൻ കത്തയച്ചു. മഹുവ ഭാരതീയ ന്യായ സംഹിതയിലെ 79-ാം വകുപ്പു പ്രകാരമുള്ള കുറ്റം ചെയ്തതെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നു‌മാണ് കമ്മിഷൻ ആവശ്യപ്പെട്ടത്. അതേസമയം, പരാതിയിൽ അടിയന്തരമായി നടപടിയെടുക്കാൻ ഡൽഹി പോലീസിനെ മഹുവ വെല്ലുവിളിച്ചു. മൂന്നു ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്യണമെങ്കിൽ ബംഗാളിലെ നാദിയയിൽ ഉണ്ടാകുമെന്നും അവർ പറഞ്ഞു.

ഹാഥറസിലെത്തിയ രേഖ ശർമക്ക് ഒരാൾ കുട പിടിച്ചുകൊടുത്തതിനെ വിമർശിച്ചുകൊണ്ട് എക്സിൽ കുറിപ്പു പങ്കുവെച്ചതാണ് മഹുവക്കെതിരായ കേസിനാധാരം. ബോസിൻറെ വസ്ത്രം താങ്ങി നടക്കുന്ന തിരക്കിലാണ് രേഖയെന്നും മഹുവ പരിഹസിക്കുകയുണ്ടായി. രേഖ ശർമ എന്തുകൊണ്ട് സ്വന്തമായി കുട പിടിച്ചില്ലെന്ന് ആദ്യം ചോദ്യമുന്നയിച്ചത് ഒരു മാധ്യമപ്രവർത്തകയാണ്. പിന്നാലെ മഹുവ ഇത് ഏറ്റുപിടിക്കുകയായിരുന്നു. താൻ ആരോടും കുട പിടിച്ചുതരാൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് രേഖ വിശദീകരിച്ചു. കൂടുതൽ സമയവും കുടയ്ക്ക് പുറത്തായിരുന്നുവെന്നും അവർ സമൂഹമാധ്യമത്തിൽ കുറിച്ചു.

Tags:    

Similar News