ബിയറിന്‍റെ വില കുറയ്ക്കാനൊരുങ്ങി മഹാരാഷ്ട്ര; ലക്ഷ്യം വിൽപന വർധന

Update: 2023-10-25 08:07 GMT

ബിയർ വിൽപന കൂട്ടാനായി വില കുറയ്ക്കാനൊരുങ്ങി മഹാരാഷ്ട്ര. ബിയറിന്റെ നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് പഠിക്കാനായി മഹാരാഷ്ട്രാ സർക്കാർ പ്രത്യേക കമ്മറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയുടെ റിപ്പോർട്ട് കിട്ടിയാൽ കുറഞ്ഞ നിരക്കുകൾ പ്രാബല്യത്തിൽ വരുമെന്നാണ് സൂചന. ടാക്സ് കൂട്ടിയതിന് പിന്നാലെ മദ്യപർക്ക് ബിയറിനോട് താത്പര്യം കുറഞ്ഞെന്ന ബ്രൂവറീസ് അസോസിയേഷന്‍റെ പരാതിക്ക് പിന്നാലെയാണ് മഹാരാഷ്ട്രാ സർക്കാരിന്റെ സുപ്രധാന നീക്കം.

എക്സൈസ് വകുപ്പിന്‍റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ബിയർ വില കുറയ്ക്കുന്നതിനെക്കുറിച്ച് പഠിക്കാനായി നിലവിൽ വന്നത്. മറ്റ് സംസ്ഥാനങ്ങളിലെ നികുതി നിരക്കുകൾ പരിശോധിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കാനാണ് ചുമതല.

ബിയറിലെ സ്പിരിറ്റിന്‍റെ അളവ്, റം, വിസ്കി, അടക്കമുള്ള മറ്റ് മദ്യ ഉത്പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്. അതിനാൽ മറ്റ് മദ്യങ്ങളോടൊപ്പമോ അതിന് മുകളിലോ ബിയറിന് നിലവിലെ ടാക്സ് പരിധി പാടില്ലെന്ന പൊതു നയത്തിലേക്കാണ് സർക്കാർ എത്തുന്നത്.

ലോകമെമ്പാടും പ്രത്യേകിച്ച് യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലും ബിയറും വൈനുമാണ് സ്വാഭാവികമായി പുളിപ്പിച്ച സ്പിരിറ്റ് എന്ന നിലയില്‍ പ്രോത്സാഹിപ്പിക്കുന്നത്. മറ്റ് മദ്യ ഉല്‍പന്നങ്ങളെ അപേക്ഷിച്ച് 14 ശതമാനത്തോളം കുറവാണ് ബിയറിലുള്ള കെമിക്കല്‍ സ്പിരിറ്റെന്നാണ് ബ്രൂവറീസ് അസോസിയേഷന്‍ അവകാശപ്പെടുന്നത്. ടാക്സ് വർധന വിൽപനയിലും സർക്കാരിന്റെ വരുമാനത്തിലും ഗണ്യമായ കുറവുണ്ടാക്കിയതോടെയാണ് ഈ നയം മാറ്റമെന്നതാണ് ശ്രദ്ധേയം.

Tags:    

Similar News