സിനിമാ തിയേറ്ററുകളിൽനിന്ന് തുക തിരിച്ചുപിടിക്കണം; സർക്കാരിന് നിർദ്ദേശവുമായി മദ്രാസ് ഹൈക്കോടതി
അമിത ടിക്കറ്റ് നിരക്ക് ഈടാക്കിയ സിനിമാ തിയേറ്ററുകളിൽനിന്ന് തുക തിരിച്ചുപിടിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. തിയേറ്ററുകളിൽ അമിതനിരക്ക് ഈടാക്കുന്നതിനെതിരേ ജി. ദേവരാജൻ എന്നയാളാണ് ഹർജി സമർപ്പിച്ചത്.
സർക്കാർ നിരീക്ഷണ സംവിധാനമുണ്ടായിട്ടും അമിതനിരക്ക് ഈടാക്കുന്നുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് പരിശോധനയും നിരീക്ഷണവും കർശനമായി തുടരണമെന്നും ഇതുവരെ അമിതമായി ഈടാക്കിയ പണം തിരിച്ചുപിടിക്കുന്നതിനുള്ള മാർഗംകണ്ടെത്തണമെന്നും കോടതി നിർദേശിച്ചു.
അമിതനിരക്ക് തടയുന്നതിനായി ഹൈക്കോടതി രണ്ട് ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. സാധാരണ തിയേറ്ററുകളിലെ പരമാവധി നിരക്ക് 120 രൂപയായും ഐമാക്‌സ് തിയേറ്ററുകളിൽ 480 രൂപയായും നിശ്ചയിച്ചിരുന്നു. എന്നാൽ സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുമ്പോൾ അമിതനിരക്ക് ഈടാക്കുന്നുവെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. അമിതനിരക്ക് ഈടാക്കിയ തിയേറ്ററുകൾക്കെതിരേ നടപടിയെടുത്തിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.
എന്നാൽ തിയേറ്ററുകളിൽനിന്ന് വെറും 1000 രൂപ പിഴ ഈടാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് അമിതമായി ഈടാക്കിയ പണം തിയേറ്ററുകളുടെ കൈവശംതന്നെ ഇരിക്കുന്നത് ജസ്റ്റിസ് അനിത സുമന്ത് ചൂണ്ടിക്കാട്ടുകയും ഇത് തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കാൻ ഉത്തരവിടുകയുമായിരുന്നു.