വഖഫ് ബില്ലിനെതിരെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ; മുസ്ലിങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുമെന്ന് പ്രതികരണം
വഖഫ് ഭേദഗതി ബിൽ മുസ്‍ലിംകളുടെ അവകാശങ്ങൾ കവർന്നെടുക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബില്ലിനെ ‘മതേതര വിരുദ്ധം’ എന്ന് വിശേഷിപ്പിച്ച മമത ബാനർജി, വിഷയത്തിൽ കേന്ദ്രം സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയിട്ടില്ലെന്ന് നിയമസഭയിൽ പറഞ്ഞു.
'വഖഫ് ഭേദഗതി ബിൽ ഫെഡറൽ വിരുദ്ധവും ഒരേസമയം മതേതര വിരുദ്ധവുമാണ്. ഒരു പ്രത്യേക വിഭാഗത്തെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണിത്. അത് മുസ്‍ലിംകളുടെ അവകാശങ്ങൾ കവർന്നെടുക്കും. വഖഫ് ബില്ലിന്റെ കാര്യത്തിൽ കേന്ദ്രം ഞങ്ങളോട് കൂടിയാലോചിച്ചിട്ടില്ല. ഏതെങ്കിലും മതം ആക്രമിക്കപ്പെട്ടാൽ അതിനെ മുഴുഹൃദയത്തോടെ അപലപിക്കും’ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിലവിലുള്ള വഖഫ് നിയമത്തിലെ ഭേദഗതികൾ മുസ്‍ലിംകളുടെ മതപരമായ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് പ്രതിപക്ഷ പാർട്ടികൾ ശക്തമായി വിമർശിച്ചു. എന്നാൽ ഭരണകക്ഷിയായ ബിജെപി ഭേദഗതികളെ ന്യായീകരിച്ചു. വഖഫ് ബോർഡുകളുടെ പ്രവർത്തനത്തിൽ ഭേദഗതി സുതാര്യത കൊണ്ടുവരുമെന്നും ഉത്തരവാദിത്തമുള്ളവരാക്കുമെന്നുമാണ് ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെ വാദം. അതേസമയം വിവാദമായ വഖഫ് ഭേദഗതി ബിൽ പരിശോധിക്കാൻ പാർലമെന്‍ററി സമിതി രൂപീകരിച്ചിട്ടുണ്ട്.