പശുത്തൊഴുത്ത് വൃത്തിയാക്കി അവിടെ കിടന്നാൽ കാൻസർ ഭേദമാകുമെന്ന വിചിത്രവാദവുമായി യുപി ബിജെപി മന്ത്രി

Update: 2024-10-14 06:46 GMT

പശുത്തൊഴുത്ത് വൃത്തിയാക്കി അവിടെ കിടന്നാൽ കാൻസർ ഭേദമാകുമെന്ന വിചിത്രവാദവുമായി യുപി ബിജെപി മന്ത്രി. കരിമ്പ് വികസന മന്ത്രിയായ സഞ്ജയ് സിങ് ഗാംഗ്വാറാണ് വിചിത്ര പ്രസ്താവനയുമായി രം​ഗത്തെത്തിയിരിക്കുന്നത്. തന്റെ മണ്ഡലമായ പിലിഭിത്തിലെ പകാഡിയ നൗ​ഗവാനിലെ ​ഗോശാല ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ ഈ പരാമർശം.

കാൻസർ രോഗികൾക്ക് പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്ന് സ്വയം സുഖപ്പെടുത്താമെന്നും പശുക്കളെ ലാളിച്ചും സേവിച്ചും രക്തസമ്മർദത്തിനുള്ള മരുന്നുകളുടെ അളവ് 10 ദിവസത്തിനുള്ളിൽ പകുതിയായി കുറയ്ക്കാമെന്നും മന്ത്രി അവകാശപ്പെട്ടു. മാത്രമല്ല വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും ഗോശാലകളിൽ ആഘോഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

രക്തസമ്മർദമുള്ള രോഗിയുണ്ടെങ്കിൽ ഇവിടെ പശുക്കൾ ഉണ്ട്. ദിവസവും രാവിലെയും വൈകുന്നേരവും പശുവിന്റെ മുതുകിൽ തലോടി സേവിക്കണം. ഒരാൾ രക്തസമ്മർദത്തിന് 20 മില്ലിഗ്രാം ഡോസ് മരുന്ന് കഴിക്കുന്നുണ്ടെങ്കിൽ, 10 ദിവസത്തിനുള്ളിൽ അത് 10 മില്ലിഗ്രാമായി കുറയും. ഞാൻ പരീക്ഷിച്ച കാര്യമാണ് നിങ്ങളോട് പറയുന്നതെന്നും മന്ത്രി പറഞ്ഞു.

ഒരു കാൻസർ രോ​ഗി പശുത്തൊഴുത്ത് വൃത്തിയാക്കുകയും അതിൽ കിടക്കുകയും ചെയ്താൽ അയാളുടെ രോ​ഗം പൂർണമായും ഭേദമാവും. നിങ്ങൾ പശുച്ചാണകം കത്തിച്ചാൽ കൊതുകുശല്യം ഉണ്ടാവില്ല. എല്ലാ പ്രശ്നങ്ങൾക്കും പശുവുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളിൽ പരിഹാരമുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു. വിവാഹ വാർഷികവും കുട്ടികളുടെ ജന്മദിനവും ​ഗോശാലകളിൽ ആഘോഷിക്കാനും കാലിത്തീറ്റ ദാനം ചെയ്യാനും താൻ ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ടെന്നും സഞ്ജയ് സിങ് പറഞ്ഞു.

Tags:    

Similar News