ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലുണ്ടായ കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കേദാർനാഥ് തീർഥാടകരായ അഞ്ച് പേർ മരിച്ചു. വ്യാഴാഴ്ച വൈകിട്ട് രുദ്രപ്രയാഗ് ജില്ലയിലായിരുന്നു അപകടം. ഗുജറാത്തിൽനിന്നുള്ള ജിഗാർ ആർ. മോദി, മഹേഷ് ദേശായി, പാരിഖ് ദിവ്യാൻഷ്, ഹരിദ്വാർ സ്വദേശികളായ മിന്റു കുമാർ, മനീഷ് കുമാർ എന്നിവരാണ് മരിച്ചത്.ഗുപ്താഷി–ഗൗരികുണ്ഡ് ഹൈവേയിൽ ഫാട്ടയ്‌ക്കും സോനപ്രയാഗിനും ഇടയിലായിരുന്നു അപകടം. കഴിഞ്ഞ എതാനം ദിവസങ്ങളായി ഉത്തരാഖണ്ഡിൽ കനത്തമഴയാണ് രേഖപ്പെടുത്തുന്നത്.
തീർഥാടകർ സഞ്ചരിച്ച കാറിന് മുകളിലേക്ക് പാറക്കല്ലുകൾ ഉൾപ്പെടെയുള്ളവ ഇടിഞ്ഞു വീണിട്ടുണ്ട്. മണ്ണിടിച്ചിലിന് പുറമെ കനത്ത മഴയെ തുടർന്ന് പ്രദേശത്തെ റോഡുകളും ഒലിച്ചുപോയിട്ടുണ്ട്. അപകടത്തെ തുടർന്ന് സംസ്ഥാന ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയെങ്കിലും കനത്തമഴ തടസ്സമായിരിക്കുകയാണ്. മഴയുടെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അടുത്ത ദിവസങ്ങളില്‍ റെഡ് അലർട്ട് ഉൾപ്പെടെയുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.