വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ബംഗാളിൽ വൻ പ്രതിഷേധങ്ങൾ. കുറ്റവാളിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കും. ബിജെപിയുടെ വനിതാ സംഘടനകൾ മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കും.
അടുത്ത ഞായറാഴ്ചയ്ക്കകം കുടുംബത്തിന് നീതി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മമത ബാനർജി സിബിഐയോട് ആവശ്യപ്പെട്ടു. സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) 12 മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തു. കൊൽക്കത്ത മെട്രോ റെയിൽ സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. സിപിഎമ്മും പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തു. ആർ.ജി.കാർ മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യണമെന്നും സിപിഎം ആവശ്യപ്പെട്ടു.
കേസിൽ 5 ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും സിബിഐ ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ഫൊറൻസിക് സംഘം ഇന്ന് ആശുപത്രിയിൽ വിശദമായ പരിശോധന നടത്തും. നാളെ രാവിലെ മുതൽ 24 മണിക്കൂർ സമരത്തിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആഹ്വാനം ചെയ്തു. കേരളത്തിലെ മെഡിക്കൽ കോളജുകളിലെ ജൂനിയർ ഡോക്ടർമാർ ഇന്ന് പണിമുടക്കും. വാർഡ് ഡ്യൂട്ടിയും ഒപിയും ബഹിഷ്ക്കരിച്ചായിരിക്കും പണിമുടക്ക്.
ഡോക്ടറെ ബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ ഒന്നിലേറെ പ്രതികളുണ്ടോയെന്നാണ് സംശയം ഉയരുന്നത്. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കൾ ഇക്കാര്യം ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. അറസ്റ്റിലായ സഞ്ജയ് റോയിക്കു പുറമേ ആരെങ്കിലും കുറ്റകൃത്യത്തിൽ പങ്കാളിയാണോ എന്നായിരിക്കും സിബിഐ പ്രധാനമായും അന്വേഷിക്കുക. എന്തുകൊണ്ട് ആദ്യം ആത്മഹത്യയായി റിപ്പോർട്ട് ചെയ്യപ്പെട്ടു, കോളജ് അധികൃതർക്കു പങ്കുണ്ടോ, കൊലയ്ക്കുശേഷം എന്തുകൊണ്ട് അധികൃതർ നേരിട്ടു പരാതി നൽകിയില്ല തുടങ്ങിയ കാര്യങ്ങളും സിബിഐ അന്വേഷിക്കും. റോയ് മാത്രമാണ് കൊലയ്ക്കുപിന്നിലെന്നാണ് ബംഗാൾ സർക്കാർ കോടതിയിൽ അറിയിച്ചത്.