ഓൺലൈനിൽ വാങ്ങിയ ഐഫോണിനു നൽകാൻ പണമില്ല; ഡെലിവറി ഏജന്റിനെ കൊന്നു മൃതദേഹം കത്തിച്ചു

Update: 2023-02-20 08:05 GMT

ഓൺലൈനിൽ ഓർഡർ ചെയ്ത ഐഫോണുമായി എത്തിയ ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക ഹസൻ ജില്ലയിലെ അരാസികേരെ സ്വദേശിയായ ഹേമന്ത് ദത്ത് എന്നയാളാണ് അറസ്റ്റിലായത്. ഐഫോണിന്റെ വിലയായ 46,000 രൂപ നൽകാനില്ലാത്തതിന്റെ പേരിലാണ് ഹേമന്ത് ദത്ത് ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് ഭാഷ്യം. കൊലയാളിയും കൊല്ലപ്പെട്ടയാളും ഒരേ നഗരത്തിലുള്ളവരാണ്.

ഫെബ്രുവരി ഏഴിനാണ് കൊലപാതകം നടന്നത്. ഓർഡർ ചെയ്ത ഐഫോണുമായെത്തിയ ഇകാർട്ട് ഡെലിവറി ഏജന്റ് ഹേമന്ത് നായിക്കാണ് കൊല്ലപ്പെട്ടത്. ഹസനിലെ വീട്ടിലെത്തിയ നായിക്കിനെ, ഹേമന്ത് ദത്ത് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഫോണുമായെത്തിയ നായിക്കിനോട്, ബോക്‌സ് തുറക്കാൻ ഹേമന്ത് ദത്ത് ആവശ്യപ്പെട്ടു. തുറന്നാൽ തിരിച്ചെടുക്കാനാകില്ലെന്നും, ആദ്യം പണം നൽകാനും നായിക്ക് ആവശ്യപ്പെട്ടു. ഇതോടെ ഹേമന്ദ് ദത്ത്, നായിക്കിനെ കത്തിയെടുത്തു കുത്തുകയായിരുന്നു.

കൊലപാതകത്തിനു ശേഷം ഹേമന്ത് നായിക്കിന്റെ മൃതദേഹം ചാക്കിൽക്കെട്ടി മൂന്നു ദിവസത്തോളം ഇയാൾ വീട്ടിൽ സൂക്ഷിച്ചു. പിന്നീട് റെയിൽവേ ട്രാക്കിനു സമീപം വച്ച് കത്തിച്ചതായാണ് പൊലീസ് കണ്ടെത്തിയത്. പെട്രോൾ വാങ്ങിയാണ് ഇയാൾ നായിക്കിന്റെ മൃതദേഹം കത്തിച്ചത്. പിന്നീട് തെളിവു നശിപ്പിക്കുകയും ചെയ്തു.

ഹേമന്ത് നായിക്കിനെ കാണാനില്ലെന്നു വ്യക്തമാക്കി സഹോദരൻ മഞ്ജു നായിക്ക് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണം പുരോഗമിക്കവെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്. റെയിൽവേ ട്രാക്കിനു സമീപം കത്തിയ നിലയിൽ ഒരു മൃതദേഹം കണ്ടതായും, ഇത് ഹേമന്ത് നായിക്കിന്റേതാകാൻ സാധ്യതയുണ്ടെന്നും ഒരു സുഹൃത്താണ് സഹോദരൻ മഞ്ജു നായിക്കിനെ അറിയിച്ചത്. തുടർന്ന് പൊലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ സഹോദരന്റെ മൃതദേഹം മഞ്ജു നായിക്ക് തിരിച്ചറിഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഹേമന്ത് ദത്ത് കുടുങ്ങിയത്.

Tags:    

Similar News