'കച്ചത്തീവ് ദ്വീപ് വിഷയം തെരഞ്ഞെടുപ്പിൽ ഉന്നയിച്ചാൽ തിരിച്ചടി നേരിടും' ; മുന്നറിയിപ്പുമായി മുൻ വിദേശകാര്യ സെക്രട്ടറിമാർ
തമിഴ്‌നാട്ടിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുന്നേറ്റം ലക്ഷ്യമിട്ട് കച്ചത്തീവ് ദ്വീപ് വിഷയം ഉന്നയിക്കുന്നതിനെതിരെ മുൻ വിദേശകാര്യ സെക്രട്ടറിമാര്‍. കച്ചത്തീവ് വിഷയം രാഷ്ട്രീയ പ്രചാരണ വിഷയമാക്കിയാൽ സെൽഫ് ഗോളാകുമെന്ന് ശിവശങ്കര്‍ മേനോനും , ശ്രീലങ്കയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് നിരുപമ റാവുവും മുന്നറിയിപ്പ് നൽകി. രാജ്യത്തിൻറെ വിശ്വാസ്യത ഇടിക്കുന്ന നടപടിയെന്നും ഇവര്‍ പറയുന്നു. കേന്ദ്രത്തിൽ സർക്കാരുകൾ മാറുന്നതിനു അനുസരിച്ചുള്ള നിലപാടുമാറ്റം നല്ലതല്ലെന്ന് മുൻ ഹൈക്കമ്മീഷണർ അശോക് കാന്തയും അഭിപ്രായപ്പെട്ടു.
കച്ചത്തീവ് വിഷയത്തിൽ കോൺഗ്രസിനെയും ഡിഎംകെയെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടാണ് പ്രചാരണം തുടങ്ങിയത്. തമിഴ്‌നാട്ടിൽ ശക്തമായ രാഷ്ട്രീയ മുന്നേറ്റം ലക്ഷ്യമിട്ടാണ് ബിജെപിയുടെ നീക്കം. 1974ൽ കച്ചത്തീവ് ദ്വീപിൽ ശ്രീലങ്കയുടെ അവകാശം അംഗീകരിക്കാൻ പോകുന്നതായി തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.കരുണാനിധിയെ വിദേശകാര്യ സെക്രട്ടറി അറിയിച്ചെന്ന റിപ്പോർട്ടാണ് നരേന്ദ്ര മോദിയും ബിജെപിയും ഇന്ന് ആയുധമാക്കിയത്. ഡിഎംകെയുടെ ഇരട്ടത്താപ്പ് പുറത്തുവന്നെന്നും മോദി കുറ്റപ്പെടുത്തിയിരുന്നു. കച്ചത്തീവ് ശ്രീലങ്കയ്ക്ക് കൈമാറിയതായി പറയാനാകില്ലെന്ന് 2015ൽ വിദേശകാര്യ സെക്രട്ടറിയായിരിക്കെ എസ് ജയശങ്കര്‍ നൽകിയ മറുപടിയാണ് കോൺഗ്രസ് ആയുധമാക്കിയത്.