ജനാധിപത്യത്തെ കശാപ്പുചെയ്യുന്നു; അരവിന്ദ് കെജ്രിവാളിന് ഐക്യദാർഢ്യമെന്ന് കെ.സുധാകരൻ

Update: 2024-03-22 07:10 GMT

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അന്യായമായി അറസ്റ്റ് ചെയ്ത നടപടി ഭരണഘടനാവിരുദ്ധമാണെന്ന് കെപിസിസി പ്രസിഡൻറ് കെസുധാകരൻ പറഞ്ഞു. തിരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് ഇത്തരത്തിലുള്ള പ്രതികാര രാഷ്ട്രീയത്തിലേക്ക് മോദിയെ നയിച്ചത്. കേന്ദ്ര അന്വേഷണ ഏജൻസികളെ സ്വാധീനിച്ച് ജനാധിപത്യ അട്ടിമറിക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്.

ഭരണത്തിൻറെ തണലിൽ മോദിയും ബിജെപി സർക്കാരും നടത്തിയ സാമ്പത്തിക ക്രമക്കേടുകൾക്കും അഴിമതിക്കും നേരെ കണ്ണടയ്ക്കുന്ന കേന്ദ്ര അന്വേഷണ ഏജൻസികൾ പ്രതിപക്ഷ പ്രതികാരവേട്ടക്ക് ഇറങ്ങിയത് ബിജെപിയെ സുഖിപ്പിക്കാനാണ്. നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട അന്വേഷണ ഏജൻസികളെ രാഷ്ട്രീയവത്കരിക്കുന്നതിൻറെ ദുരന്തഫലങ്ങളാണ് രാജ്യത്ത് ഇപ്പോൾ നടക്കുന്ന പ്രതിപക്ഷവേട്ടയെന്നും സുധാകരൻ പറഞ്ഞു.

എതിർ ശബ്ദങ്ങളെ കള്ളക്കേസുകളിൽ കുടുക്കി ഇല്ലാതാക്കാം എന്നത് ഏകാധിപതികളുടെ സ്വപ്നമാണ്. കേന്ദ്രത്തിൽ നരേന്ദ്രമോദിയും കേരളത്തിൽ പിണറായി വിജയനും പ്രതിപക്ഷ നേതാക്കളെ യാതൊരു അടിസ്ഥാനവുമില്ലാത്ത കേസുകളിൽ പ്രതിചേർത്ത് വേട്ടയാടുകയാണ്. നരേന്ദ്രമോദിയോട് 'ഇഷ്ടം കാണിക്കുന്ന മുഖ്യമന്ത്രി' മാരെ എത്ര അഴിമതികൾ ഉണ്ടെങ്കിലും സംരക്ഷിക്കുകയും എതിർക്കുന്നവരെ മാത്രം അകാരണമായി തുറുങ്കിലടക്കുകയും ചെയ്യുന്ന അധാർമിക രാഷ്ട്രീയമാണ് ബിജെപി നടപ്പിലാക്കുന്നത്.

കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തിയിട്ടും ഗുരുതര ആരോപണങ്ങൾ നേരിടുന്ന കേരള മുഖ്യമന്ത്രി പിണറായിവിജയനെതിരെ ചെറുവിരൽ അനക്കാത്തതും മോദിയുടെ ഈ ഇരട്ടസമീപനത്തിന്റെ ഭാഗമാണ്.ഈ അനീതികൾക്കെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉണ്ടാകും.ജനാധിപത്യ രീതിയിൽ തന്നെ ഈ ഏകാധിപതികളെ കാലത്തിന്റെ ചവറ്റുകൊട്ടയിൽ ഒഴുക്കും.നരേന്ദ്രമോദി വേട്ടയാടുന്ന ഇന്ത്യാ സഖ്യത്തിൻറെ മുന്നണി പോരാളി അരവിന്ദ് കെജ്രിവാളിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും സുധാകരൻ പറഞ്ഞു

Tags:    

Similar News