എന്‍ഡിഎ സഖ്യത്തില്‍ ചേർന്നതിൽ പാർട്ടി അധ്യക്ഷൻ എച്ച്.ഡി.ദേവെഗൗഡയെ അതൃപ്തി അറിയിച്ച് ജെഡിഎസ് കേരളഘടകം. ഒരു കാരണവശാലും ബിജെപിയുമായി ചേര്‍ന്നു പോകാനാകില്ലെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസ് വ്യക്തമാക്കി. കേരള ഘടകത്തിന്റെ വികാരം ദേവെഗൗഡ ഉള്‍ക്കൊണ്ടെന്നും മാത്യു ടി. തോമസ് പറഞ്ഞു.
2006ലും എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്നു ജെഡിഎസ്. ആ സമയത്തും കേരളഘടകം ദേശീയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിച്ച് സ്വന്തമായി നില്‍ക്കുകയായിരുന്നു. അതേ നിലപാട് ഇത്തവണയും തുടരുമെന്ന സൂചനയാണ് കേരളഘടകം നല്‍കുന്നത്. ഈ മാസം 7നു ചേരുന്ന സംസ്ഥാനസമിതി യോഗത്തില്‍ ഇതുസംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ എച്ച്.ഡി.കുമാരസ്വാമി ഡല്‍ഹിയിലെത്തി കണ്ടതിന് പിന്നാലെയാണ് ജെഡിഎസിനെ എന്‍ഡിയിലേയ്ക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ സ്വാഗതം ചെയ്തത്. ഇതേത്തുടര്‍ന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരുപാര്‍ട്ടികളും ഒന്നിച്ച് മല്‍സരിക്കാന്‍ തീരുമാനിച്ചു. കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയാണ് സഖ്യ ചര്‍ച്ചകള്‍ക്ക് മുന്‍കൈയെടുത്തത്.