പൂഞ്ചിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം;  കുടുംബത്തിന് നഷ്ടപരിഹാരവും ജോലിയും പ്രഖ്യാപിച്ച് സർക്കാർ

Update: 2023-12-24 04:56 GMT

കശ്മീരിലെ പൂഞ്ചിലെ ഭീകരാക്രമണത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ 3 യുവാക്കളുടെ കുടുംബത്തിന് നഷ്ടപരിഹാരവും ജോലിയും പ്രഖ്യാപിച്ച് ജമ്മു കശ്മീർ ഭരണകൂടം. ശനിയാഴ്ചയാണ് ജമ്മു കശ്മീർ സർക്കാരിന്റെ പ്രഖ്യാപനം എത്തുന്നത്.

വ്യാഴാഴ്ച ഭീകരാക്രമണം നടന്ന പ്രദേശത്തായിരുന്നു മൂന്ന് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാക്കൾ സേനാ ക്യാംപിലെ കസ്റ്റഡി പീഡനത്തിനിടയിൽ കൊല്ലപ്പെട്ടതാണെന്ന് ഇവരുടെ കുടുംബവും രാഷ്ട്രീയ പാർട്ടികളും ഗുരുതര ആരോപണം ഉയർത്തുന്നതിനിടെയാണ് സർക്കാർ പ്രഖ്യാപനം.

മരിച്ച മൂന്ന് യുവാക്കളുടേയും സംസ്കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഇവരുടെ സ്വദേശമായ ടോപാ പിയർ ഗ്രാമത്തിൽ നടന്നു. ജമ്മു കശ്മീർ ഡിവിഷണൽ കമ്മീഷണർ രമേഷ് കുമാർ ജാന്‍ഗിഡ്, പൂഞ്ച് ഡെപ്യൂട്ടി മജിസ്ട്രേറ്റ് ചൌധരി മൊഹമ്മദ് യാസിന്‍, പൊലീസ് സീനിയർ സൂപ്രണ്ട് വിനയ് കുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. 44 കാരനായ സഫീർ ഹുസൈന്‍, 22 കാരനായ ഷൌക്കത്ത് അലി, 32കാരനായ ഷാബിർ ഹുസൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്. സേനാ ക്യാംപിൽ വച്ച് നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച രാവിലെയാണ് യുവാക്കളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്.

Tags:    

Similar News